Sanju Samson: തലപ്പത്ത് സഹീര്‍ ഖാനും, പാര്‍ത്ഥിവ് പട്ടേലും? ഇന്ത്യന്‍ ടീമിലും, ഐപിഎല്ലിലും ഇനി സഞ്ജുവിന്റെ കാലം?
Sanju Samson’s Equation with Zaheer Khan and Parthiv Patel: സഞ്ജുവിനെ ഒരുപോലെ വിമര്‍ശിക്കുകയും, പ്രശംസിക്കുകയും ചെയ്തിട്ടുള്ള താരങ്ങളാണ് സഹീറും പാര്‍ത്ഥിവും. സഞ്ജു മോശം പ്രകടനം പുറത്തെടുത്തപ്പോഴെല്ലാം ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് സഞ്ജുവിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചവരില്‍ മുന്‍പന്തിയില്‍ ഇരുവരുമുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്തും, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചീഫ് കോച്ച് റോളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകനായി മുന്‍ താരം സഹീര്‍ ഖാനെ നിയമിച്ചുകഴിഞ്ഞു. അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. അഗാര്‍ക്കറുടെ പിന്‍ഗാമിയായി പല പേരുകള്‍ ബിസിസിഐയുടെ പരിഗണനയിലുണ്ടെങ്കിലും, മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന്റെ പേരാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സിഎസ്‌കെ തലപ്പത്ത് സഹീര്‍ നിയമിതനായതുപോലെ, ഇന്ത്യന്‍ സെലക്ഷന്‍ ടീമിന്റെ മേധാവിയായി പാര്‍ത്ഥിവ് കൂടി എത്തിയാല്‍ അത് മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
സഞ്ജുവിനെ ഒരുപോലെ വിമര്‍ശിക്കുകയും, പ്രശംസിക്കുകയും ചെയ്തിട്ടുള്ള താരങ്ങളാണ് സഹീറും പാര്‍ത്ഥിവും. സഞ്ജു മോശം പ്രകടനം പുറത്തെടുത്തപ്പോഴെല്ലാം ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് സഞ്ജുവിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചവരില്‍ മുന്‍പന്തിയില്‍ ഇരുവരുമുണ്ടായിരുന്നു.
അന്ന് സഞ്ജുവിനു വേണ്ടി സംസാരിച്ച പാര്‍ത്ഥിവ്
അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പാര്‍ത്ഥിവ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് എപ്പോഴും സഞ്ജു സാംസൺ തഴയപ്പെടുന്നതെന്നായിരുന്നു അദ്ദേഹം അന്ന് ഉന്നയിച്ച ചോദ്യം.
അതുപോലെ, ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ പാര്‍ത്ഥിവുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയോട് തോറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റ ഘട്ടത്തിലായിരുന്നു പാര്‍ത്ഥിവ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.
സഞ്ജു മികച്ച ഫോമിലല്ലെങ്കിലും, അദ്ദേഹത്തെ പോലൊരു വലങ്കയ്യന്‍ ബാറ്ററെ ടീമിലെത്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അന്ന് പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്തെ ഈ പ്രതികരണങ്ങള്‍ കണക്കിലെടുത്താല്‍ പാര്‍ത്ഥിവ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാല്‍ അത് സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സഹീറിന്റെ ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയ സഞ്ജു
ഐപിഎല്ലില്‍ 2016, 2017 സീസണുകളില്‍ സഹീര്‍ ഖാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ (ഡല്‍ഹി ക്യാപിറ്റല്‍സ്) നയിച്ചിരുന്നു. അന്ന് സഞ്ജുവും ഡല്‍ഹി ടീമിനൊപ്പമുണ്ടായിരുന്നു. ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് സഞ്ജു ഐപിഎല്ലില്‍ കന്നി സെഞ്ചുറി നേടിയതും. സഞ്ജുവിന്റെ ടാലന്റ് അടുത്തറിഞ്ഞിട്ടുള്ള താരമാണ് സഹീര്‍. ഏതാണ്ട് 10 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഐപിഎല്ലില്‍ ഒരുമിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി നേടിയപ്പോള്‍ സഹീര്‍ വാനോളം പുകഴ്ത്തിയിരുന്നു. “ഒരു നീണ്ട ഇന്നിംഗ്സ് കളിക്കുന്നതിൽ അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസമുള്ളതായി തോന്നുന്നു. ചില ദിവസങ്ങളിൽ അദ്ദേഹം നേരത്തെ പുറത്തായേക്കാം, എന്നാൽ ഫോമിലാകുന്ന ദിവസങ്ങളിൽ അദ്ദേഹം അത് പരമാവധി പ്രയോജനപ്പെടുത്തും”, എന്നായിരുന്നു സഹീറിന്റെ പ്രശംസ. ഇപ്പോള്‍ സഹീര്‍ സിഎസ്‌കെയുടെ മുഖ്യപരിശീലകനായതോടെ സഞ്ജുവിനെ ക്യാപ്റ്റന്‍സിയിലേക്ക് പിന്തുണയ്ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
English Summary
Zaheer Khan is CSK’s new head coach, while Parthiv Patel is favored to become India’s chief selector. Both former players have strongly supported Sanju Samson in recent times. Parthiv has frequently questioned Sanju’s exclusion from the national team. These leadership shifts could provide a major boost to Sanju Samson’s career.