Batting Pitches: ക്യുറേറ്ററുടെ കയ്യിലെ മാജിക്; ഒരു പിച്ചിനെ ‘ബാറ്റിങ് പറുദീസ’യാക്കുന്ന ഘടകങ്ങള്‍
How curators build a high-scoring batting paradise: എങ്ങനെയാണ് ഒരു പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി മാറുന്നത് എന്നറിയാമോ? റണ്ണൊഴുകുന്ന ഒരു പിച്ച് തയ്യാറാക്കുക അത്ര എളുപ്പമല്ല. കൃത്യമായ ശാസ്ത്രീയ സമീപനവും കഠിനാധ്വാനവും ഇതിന് ആവശ്യമാണ്. ബാറ്റിങിന് അനുകൂലമാക്കാന്‍ ക്യുറേറ്റര്‍മാര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ നോക്കാം.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മുഖാമുഖം വരുമ്പോള്‍ ബാറ്റിങ് വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘റണ്ണൊഴുകും പിച്ച്’ തയ്യാറാക്കുമെന്നാണ് ക്യുറേറ്ററുടെ പ്രഖ്യാപനം. ബൗണ്ടറികള്‍ പെരുമഴ തീര്‍ക്കുന്ന ഹൈ സ്‌കോറിങ് പോരാട്ടം ആരാധകര്‍ സ്വപ്‌നം കാണുമ്പോള്‍, എങ്ങനെയാണ് ഒരു പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി മാറുന്നത് എന്നറിയാമോ? റണ്ണൊഴുകുന്ന ഒരു പിച്ച് തയ്യാറാക്കുക അത്ര എളുപ്പമല്ല. കൃത്യമായ ശാസ്ത്രീയ സമീപനവും കഠിനാധ്വാനവും ഇതിന് ആവശ്യമാണ്. ബാറ്റിങിന് അനുകൂലമാക്കാന്‍ ക്യുറേറ്റര്‍മാര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ നോക്കാം.
ബാറ്റിങ് പിച്ച് നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പിച്ചിലെ മണ്ണാണ്. ഇത്തരം പിച്ചുകളില്‍ സമീകൃതമായതോ കളിമണ്ണ് ചേര്‍ന്നതോ ആയ മണ്ണാണ് സാധാരണ ഉപയോഗിക്കുന്നത്. ഏകദേശം 50 ശതമാനം വരെ കളിമണ്ണായിരിക്കും. ഉണങ്ങുമ്പോള്‍ വലിയ വിള്ളലുകള്‍ വീഴാത്ത, നല്ല ഉറപ്പ് നല്‍കുന്ന മണ്ണാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇത് പിച്ച് ഉറപ്പുള്ളതാക്കാന്‍ സഹായിക്കുന്നു.
പിച്ചിന്റെ പ്രതലത്തിലെ ഉറപ്പാണ് പിച്ച് ബാറ്റിങിന് അനുകൂലമാക്കുന്നത്. ഇതിനായി വ്യത്യസ്ത ഭാരമുള്ള റോളറുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം പിച്ച് റോള്‍ ചെയ്യും. റോളിങിലൂടെ പിച്ചിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും സമതലമാക്കും. പിച്ച് എത്രത്തോളം ഉറപ്പാകുന്നുവോ, അത്രത്തോളം പന്തിന് ‘ട്രൂ ബൗണ്‍സ്’ ലഭിക്കും.
പുല്ലിന്റെ അളവും പ്രധാനം
പിച്ചുകളില്‍ പുല്ലിന്റെ അളവും പ്രധാനമാണ്. നേര്‍ത്തത്തും പച്ചപ്പുള്ളതുമായ പുല്ല് തുല്യമായി നിലനിര്‍ത്തുന്നത് പിച്ച് പെട്ടെന്ന് പൊളിയാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ പുല്ലിന് നീളം കൂടാനും പാടില്ല. പുല്ലിന്റെ നീളം കുറച്ച്, സാധാരണയായി മൂന്ന് മുതല്‍ ആറു മില്ലിമീറ്റര്‍ വരെയായി വെട്ടിമാറ്റും. കട്ടി കുറച്ച് നിര്‍ത്തിയിരിക്കുന്ന പുല്ലാണ് അനുയോജ്യം.
ജലസേചനവും കൃത്യമായി പ്ലാന്‍ ചെയ്യണം. പിച്ചിന്റെ അടിത്തട്ട് വരെ ഈര്‍പ്പം എത്തുന്ന രീതിയില്‍ ആദ്യം വെള്ളമൊഴിക്കണം. എന്നാല്‍ മത്സരത്തിന് രണ്ട് മൂന്ന് ദിവസം മുമ്പ് വെള്ളമൊഴിക്കുന്നത് നിര്‍ത്തി പിച്ച് നന്നായി ഉണക്കാന്‍ ശ്രമിക്കും. ഈര്‍പ്പം മാറി പ്രതലം കഠിനമാകുന്നത് ബാറ്റിങിന് സഹായകരമാകും. ഇത്തരം പിച്ചുകള്‍ ബൗളര്‍മാര്‍ക്ക് സ്വിങോ അമിതമായ സ്പിന്നോ നല്‍കില്ല. ഇത് ബാറ്റിങ് അനായാസകരമാക്കും. ഇതിനൊപ്പം, വേഗതയേറിയ ഔട്ട്ഫീല്‍ഡ് നിലനിര്‍ത്തുന്നത് ആക്രമിച്ച് കളിക്കുന്ന ഷോട്ടുകള്‍ക്ക് അര്‍ഹമായ റണ്‍സ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
English Summary
There are several factors behind curators preparing high-scoring pitches. Aspects such as the soil, rolling, and watering play a role in this. Let us examine this further.