India vs Australia: ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി20 ഇന്ന്; സഞ്ജു വീണ്ടും പുറത്തിരിക്കാൻ സാധ്യത
India vs Australia 4th T20 Preview: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് ക്വീൻസ്‌ലാൻഡിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി20 ഇന്ന്. ക്വീൻസ്‌ലാൻഡിലെ കറാറ ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും. 6.15 ആണ് പ്രാദേശിക സമയം. മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചതിനാൽ ഇന്നത്തെ മത്സരം വിജയിക്കുന്ന ടീം പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കും. മലയാളി താരം സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കാനാണ് സാധ്യത.
ആദ്യ കളി മഴയിൽ ഉപേക്ഷിക്കുകയും രണ്ടാമത്തെ കളി ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തപ്പോൾ ഇന്ത്യക്ക് സമ്മർദ്ദമുണ്ടായിരുന്നു. മൂന്നാമത്തെ കളി ശക്തമായി തിരികെവന്നാണ് ഇന്ത്യ പരമ്പരയിൽ പ്രതീക്ഷ നിലനിർത്തിയത്. രണ്ടാമത്തെ കളി മൂന്നാം നമ്പറിലിറങ്ങി നിരാശപ്പെടുത്തിയ സഞ്ജുവിനെ മൂന്നാമത്തെ കളി പുറത്തിരുത്തി. പകരം കളിച്ച ജിതേഷ് ശർമ്മ 22 റൺസുമായി പുറത്താവാതെ നിന്നതുകൊണ്ട് തന്നെ താരം ടീമിൽ സ്ഥാനം നിലനിർത്തും. ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ് മോശം ഫോമിലുള്ളത്. എന്നാൽ, ഇവർ ടീം വൈസ് ക്യാപ്റ്റനും ക്യാപ്റ്റനുമാണ്. അതിനാൽ, സഞ്ജു പരമ്പരയിൽ ഇനി കളിക്കാനിടയില്ല. വരുന്ന ടി20 പരമ്പരകളിൽ ജിതേഷിൻ്റെ ബാക്കപ്പ് കീപ്പറാവും സഞ്ജു.
ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങളുണ്ടാവില്ല. എന്നാൽ, ഓസീസ് ടീമിൽ മാറ്റങ്ങളുണ്ടാവും. ആഷസ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ട ട്രാവിസ് ഹെഡിന് പകരം മാത്യു ഷോർട്ട് കളിച്ചേക്കും. ഗ്ലെൻ മാക്സ്‌വൽ തിരികെയെത്താനും സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യ എ ടീമിലേക്ക് പോലും തിരഞ്ഞെടുക്കാത്തതിനാൽ സഞ്ജുവിൻ്റെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് വേണം കരുതാൻ. ഏകദിനത്തിൽ ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരാവും വിക്കറ്റ് കീപ്പർമാർ. ടി20യിൽ ജിതേഷാവും പ്രധാന വിക്കറ്റ് കീപ്പർ. സഞ്ജു ജിതേഷിൻ്റെ ബാക്കപ്പാവും.