India vs England: ഓവലിൽ മഴസാധ്യത; നാലാം ദിനത്തിൽ പലതവണ കളി മുടങ്ങിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്
Weather Prediction For 5th Test Day 4: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ നാലാം ദിവസം മഴസാധ്യത. ഓവലിൽ ഇന്ന് മഴ പെയ്തേക്കാമെന്നാണ് സൂചനകൾ.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ നാലാം ദിനം മഴ മുടക്കാൻ സാധ്യത. ഓവലിൽ 40 മുതൽ 50 ശതമാനം വരെ മഴസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വൈകുന്നേരത്തോടെ മഴസാധ്യത വർധിക്കുമെന്നും പ്രവചനമുണ്ട്. മത്സരത്തിൽ 9 വിക്കറ്റ് ശേഷിക്കെ 324 റൺസാണ് ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം.
നാലാം ദിവസം 18 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാവും താപനില എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. മൂടിക്കെട്ടിയ അന്തരീക്ഷവും ഈർപ്പമുള്ള അന്തരീക്ഷവും ഇന്ത്യക്ക് ഗുണകരമാണ്. ഇത് രണ്ടും ബൗളർമാർക്ക് സഹായകമാവും. അഞ്ചാമതൊരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഇന്ന് കളി നടക്കണമെന്നാവും ഇന്ത്യയും ഇംഗ്ലണ്ടും കരുതുക.
Also Read: India vs England: ‘ആ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല’; യശസ്വി ജയ്സ്വാളിനെ വിമർശിച്ച് റിക്കി പോണ്ടിങ്




അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് റെക്കോർഡ് വിജയലക്ഷ്യമാണുള്ളത്. 374 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുത്തിട്ടുണ്ട്. മൂന്നാം ദിവസത്തിലെ അവസാന പന്തിൽ 14 റൺസ് നേടിയ സക്ക് ക്രോളിയുടെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ബെൻ ഡക്കറ്റ് (34) ക്രീസിൽ തുടരുകയാണ്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ചു. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഫിഫ്റ്റിയും തികച്ചു. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപ് 66 റൺസ് നേടി തൻ്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് സ്കോർ കുറിച്ചിട്ടാണ് മടങ്ങിയത്. ഇംഗ്ലണ്ടിനായി ജോഷ് ടോങ് അഞ്ച് വിക്കറ്റ് വീഴ്ത്തി.