India vs England: പൊളിച്ചു, പൊളിച്ചടുക്കി; ഓവല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം
India Beat England In Oval Test: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. മുഹമ്മദ് സിറാജ് അഞ്ചും, പ്രസിദ്ധ് കൃഷ്ണ നാലും വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചു.
ഓവല്‍: ടീമിന് വേണ്ടി നൂറു ശതമാനം പ്രകടനം പുറത്തെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ മനോവേദനയിലായിരുന്നിരിക്കാം ഇന്ന് മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് വരെ മുഹമ്മദ് സിറാജ്. വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മിടുക്ക് കാണിക്കാറുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ പ്രസിദ്ധ് കൃഷ്ണയെയും അലട്ടിയിരുന്നിരിക്കാം. വിമര്‍ശനങ്ങളെയും വേദനകളെയും കാറ്റില്‍പറത്തി ഇരുവരും തുനിഞ്ഞിറങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റില്‍ അവിശ്വസനീയ ജയം. ആറു റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ-224, 396. ഇംഗ്ലണ്ട്-247, 367. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി.
ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചപ്പോള്‍ 35 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. നാല് വിക്കറ്റുകള്‍ കൈവശമുള്ള ആതിഥേയര്‍ അനായാസം വിജയം സ്വന്തമാക്കുമെന്ന് ഏവരും കരുതിയ നിമിഷം. മത്സരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ജാമി സ്മിത്തിനെ പുറത്താക്കിയ ഇന്ത്യ, അങ്ങനെ തോറ്റ് മടങ്ങാനല്ല തങ്ങള്‍ എത്തിയിരിക്കുന്നത് എന്നതിന്റെ ആദ്യ സൂചന നല്‍കി. 20 പന്തില്‍ രണ്ട് റണ്‍സെടുത്ത സ്മിത്തിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ 358 റണ്‍സായപ്പോഴേക്കും സിറാജ് ഇംഗ്ലണ്ടിന് അടുത്ത ആഘാതം സമ്മാനിച്ചു. 17 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ജാമി ഒവര്‍ട്ടണിനെ സിറാജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. വിജയം അസാധ്യമല്ലെന്ന് ഇന്ത്യയും, മുന്നോട്ടുപോക്ക് അത്ര എളുപ്പമല്ലെന്ന് ഇംഗ്ലണ്ടും മനസിലാക്കിയ നിമിഷം.
സ്‌കോര്‍ബോര്‍ഡിലേക്ക് അഞ്ച് റണ്‍സ് അധികം ചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് ഒമ്പതാം വിക്കറ്റും നഷ്ടമായി. ഇത്തവണ പ്രസിദ്ധ് കൃഷ്ണയുടെ ഊഴമായിരുന്നു. ജോഷ് ടോങ്കിനെ താരം ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 12 പന്ത് നേരിട്ട ടോങ്കിന് റണ്‍സൊന്നുമെടുക്കാനായില്ല.
ഒടുവില്‍ അവസാന വിക്കറ്റില്‍ ഗസ് അറ്റ്കിന്‍സണ്‍ നടത്തിയ ചെറുത്തുനില്‍പ് വീണ്ടും ആശങ്ക പരത്തി. ഒടുവില്‍ 29 പന്തില്‍ 17 റണ്‍സെടുത്ത അറ്റ്കിന്‍സണ്‍ സിറാജിന്റെ പന്തില്‍ കുറ്റി തെറിച്ച് പുറത്തായതോടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കി. സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് മത്സരത്തിനാണ് ഓവല്‍ സാക്ഷിയായത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് സിറാജ് പിഴുതത്. കൃഷ്ണ നാലു വിക്കറ്റെടുത്തു.