Mohammed Siraj: ബുംറയില്ലെങ്കില്‍ താന്‍ അപകടകാരിയെന്ന് തെളിയിച്ച് സിറാജ്, മിയാ ഭായിയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസം
Mohammed Siraj puts in a brilliant performance: എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറ കളിച്ചിരുന്നില്ല. ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ സിറാജ് പിഴുതെടുത്തത് ആറു വിക്കറ്റുകളാണ്. ബുംറ കളിക്കാത്ത ഓവല്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളും സിറാജ് സ്വന്തമാക്കി
പ്ലേയിങ് ഇലവനില്‍ ജസ്പ്രീത് ബുംറയില്ലെങ്കില്‍ മുഹമ്മദ് സിറാജ് അങ്ങേയറ്റം അപകടകാരിയാണെന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയര്‍ന്ന അഭിപ്രായം. ഇംഗ്ലണ്ട് പര്യടനത്തില്‍ സിറാജിന്റെ പ്രകടനം കണക്കിലെടുത്താല്‍ ഇത് സത്യമാണെന്ന് അംഗീകരിക്കേണ്ടി വരും. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറ കളിച്ചിരുന്നില്ല. ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ സിറാജ് പിഴുതെടുത്തത് ആറു വിക്കറ്റുകളാണ്. ബുംറ കളിക്കാത്ത ഓവല്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളും സിറാജ് സ്വന്തമാക്കി. ബുംറ കളിച്ച മറ്റ് മൂന്ന് ടെസ്റ്റുകളിലും സിറാജിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായതുമില്ല.
ബുംറയ്‌ക്കൊപ്പം കളിക്കുമ്പോള്‍ ഒരു ‘സപ്പോര്‍ട്ടിങ് പേസറാ’യി മാത്രം സിറാജ് സ്വയം ചുരുങ്ങുന്നു. എന്നാല്‍ ബുംറയുടെ അഭാവത്തില്‍ ടീമിലെ പ്രധാന പേസറുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബുംറയില്ലാത്തപ്പോള്‍ എങ്ങനെയാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന് മുന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് കഴിഞ്ഞ ദിവസം സിറാജിനോട് ചോദിച്ചിരുന്നു. ബുംറയില്ലാത്തപ്പോള്‍ താന്‍ അധിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അതാണ് കാരണമെന്നുമായിരുന്നു സിറാജിന്റെ മറുപടി.
”എനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഇഷ്ടമാണ്. ജാസി ഭായിയെ (ജസ്പ്രീത് ബുംറ) മിസ് ചെയ്യുന്നു. അദ്ദേഹം സീനിയര്‍ ബൗളറാണ്. അധിക ഉത്തരവാദിത്തം ലഭിക്കുന്നത് സന്തോഷകരമായ കാര്യമാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. അത് ആസ്വദിക്കാനും കഴിയും. അധിക സമ്മര്‍ദ്ദങ്ങള്‍ എടുക്കാറില്ല. ലളിതമായ പ്ലാനുകള്‍ പിന്തുടരാനാണ് ഇഷ്ടം”-സിറാജ് പറഞ്ഞു.




Also Read: India vs England: പൊളിച്ചു, പൊളിച്ചടുക്കി; ഓവല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം
‘മിയാ ഭായി’യില്‍ വിശ്വാസം
ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവിലൂടെ കരിയര്‍ പടുത്തുയര്‍ത്തിയ താരമാണ് മുഹമ്മദ് സിറാജ്. ഓവല്‍ ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും ടീമിനെ വിജയത്തിലെത്തിച്ച് മറുപടി നല്‍കിയിരിക്കുയാണ് സിറാജ്. ‘ഓള്‍ ഫോര്‍മാറ്റ്’ ബൗളറെന്ന നിലയില്‍ ടീമിലെ സ്ഥാനവും താരം ഇതോടെ അരക്കിട്ടുറപ്പിച്ചു.
താന്‍ മിയ ഭായിയില്‍ മാത്രമേ വിശ്വസിക്കുന്നൂള്ളൂവെന്നാണ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറല്‍ സിറാജിന്റെ തോളില്‍ കൈവച്ച് പറഞ്ഞത്. ആരാധകരും അതു തന്നെയാണ് പറയുന്നത്, ‘ഞങ്ങള്‍ക്കും സിറാജിലാണ് വിശ്വാസം…!’.