India vs England: കണ്ണ് നിറഞ്ഞ്, വൈകാരിക പ്രതികരണവുമായി ഗംഭീർ; വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ
Gautam Gambhir Reaction Viral Video: അഞ്ചാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഗൗതം ഗംഭീർ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കണ്ണ് നിറഞ്ഞ ആഘോഷമാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഐതിഹാസിക സമനില നേടിയിരുന്നു. ഓവലിൽ നടന്ന അഞ്ചാം മത്സരത്തിൽ ആവേശകരമായ ആറ് റൺസ് വിജയം നേടിയാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്. വിജയത്തിൽ വളരെ വൈകാരികമായി പ്രതികരിച്ച ഗൗതം ഗംഭീറിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.




ബിസിസിഐ തന്നെ പങ്കുവച്ച വിഡിയോയിലാണ് ഗംഭീറിൻ്റെ ഇതുവരെ കാണാത്ത ഭാവം ആളുകൾ കണ്ടത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ ഡ്രസിങ് റൂമിൽ നിന്നുള്ള വിഡിയോ തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ ബിസിസിഐ പങ്കുവച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫ് എല്ലാവരും ഈ വിഡിയോയിലുണ്ട്. മുഹമ്മദ് സിറാജ് ഗസ് അറ്റ്കിൻസണിൻ്റെ കുറ്റി തകർക്കുമ്പോൾ ഗംഭീർ കണ്ണുനിറഞ്ഞ് മോണി മോർക്കലിൻ്റെ കൈകളിലേക്ക് ചാടിക്കയറി അലറുന്ന രംഗമാണ് വിഡിയോയിലെ പ്രധാന ആകർഷണം. ഇതുവരെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഗംഭീറിനെ അധികം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബിസിസിഐ പങ്കുവച്ച വിഡിയോ
𝗕𝗲𝗹𝗶𝗲𝗳. 𝗔𝗻𝘁𝗶𝗰𝗶𝗽𝗮𝘁𝗶𝗼𝗻. 𝗝𝘂𝗯𝗶𝗹𝗮𝘁𝗶𝗼𝗻!
Raw Emotions straight after #TeamIndia‘s special win at the Kennington Oval 🔝#ENGvIND pic.twitter.com/vhrfv8ditL
— BCCI (@BCCI) August 4, 2025
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ചു. ഒരെണ്ണം സമനില ആയി. ലീഡ്സിൽ നടന്ന ആദ്യ കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ബിർമിംഗ്ഹാമിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചടിച്ചു. 336 റൺസിൻ്റെ വമ്പൻ വിജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ കുറിച്ചത്. ലീഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. അവസാന വിക്കറ്റ് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യ 22 റൺസിന് പരാജയപ്പെടുകയായിരുന്നു. മുഹമ്മദ് സിറാജ് ദൗർഭാഗ്യകരമായി പുറത്തായതാണ് പരാജയത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്ററിൽ നടന്ന അടുത്ത മത്സരം സമനിലയായി. പരാജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റിലെ തകർപ്പൻ ബാറ്റിംഗ് സമനില സമ്മാനിക്കുകയായിരുന്നു. തുടർന്നാണ് അഞ്ചാം മത്സരത്തിൽ ഇന്ത്യ ആവേശജയം കുറിച്ചത്.