India vs England: ‘വമ്പൻ ഷോട്ട് കളിച്ച് ഔട്ടായിരുന്നെങ്കിലോ?’; ജഡേജയെ പിന്തുണച്ച് ആർ അശ്വിൻ
R Ashwin Supports Ravindra Jadeja: രവീന്ദ്ര ജഡേജയെ പിന്തുണച്ച് ആർ അശ്വിൻ. ലോർഡ്സ് ടെസ്റ്റിൽ ഇടയ്ക്കിടെ ബൗണ്ടറികൾക്ക് ശ്രമിക്കാമായിരുന്നു എന്ന വിമർശനങ്ങൾക്കെതിരെയാണ് അശ്വിൻ നിലപാടെടുത്തത്.
ലോർഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ സാവധാനം ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജയെ പിന്തുണച്ച് മുൻ താരം ആർ അശ്വിൻ. വാലറ്റത്തെ കൂട്ടുപിടിച്ച് കളിച്ച ജഡേജയുടെ മെല്ലെപ്പോക്കിനെ പലരും വിമർശിച്ചിരുന്നു. ബൗണ്ടറിയ്ക്ക് ശ്രമിക്കണമെന്നായിരുന്നു വിമർശനം. ഈ വിമർശനങ്ങൾക്കെതിരെയാണ് ആർ അശ്വിൻ തൻ്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തിലൂടെ രംഗത്തുവന്നത്.
“കുറച്ചുകൂടി ആക്രമിച്ച് കളിക്കാമെന്ന് പറയുന്ന പല വിദഗ്ദരോടും എനിക്കൊന്ന് ചോദിക്കാനുണ്ട്. എത്ര തവണയാണ് ഒരു ബാറ്റർ കൂറ്റൻ ഷോട്ട് കളിച്ച് ഔട്ടായിട്ടുള്ളത്? ഈ പിച്ചിലെ ബൗൺസോ പേസോ വിശ്വസിക്കാനാവില്ല. ഫീൽഡർമാരൊക്കെ ബൗണ്ടറിയിലാണ് നിന്നത്. ജഡേജയ്ക്ക് എന്ത് ഓപ്ഷനാണ് ഉണ്ടായിരുന്നത്? അദ്ദേഹം കൃത്യമായിത്തന്നെയാണ് കളിച്ചത്. ബെൻ സ്റ്റോക്സിൻ്റെ ക്യാപ്റ്റൻസി വളരെ നല്ലതായിരുന്നു. 70 റൺസാണ് വേണ്ടിയിരുന്നത്. ഒരു ഓവറിൽ ഒരു റൺസ് വച്ച് സ്കോർ ചെയ്ത് കളി ജയിക്കാനാണ് ശ്രമമെങ്കിൽ അതിന് തന്നെ ശ്രമിക്കൂ.”- അശ്വിൻ പറഞ്ഞു.
Also Read: India vs England: നാലാം ടെസ്റ്റിൽ പല തലകളും ഉരുളും; അടുത്ത കളി ഗംഭീറിന് ജയിച്ചേ തീരൂ




ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യയും ഇതേ സ്കോറിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 192 റൺസിന് എറിഞ്ഞിട്ടു. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 170 റൺസേ നേടാനായുള്ളൂ. 8 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ വമ്പൻ തകർച്ച അഭിമുഖീകരിച്ച ഇന്ത്യയെ വാലറ്റവും രവീന്ദ്ര ജഡേജയും ചേർന്നാണ് വിജയത്തിനരികെ എത്തിച്ചത്. 9, 10 വിക്കറ്റുകളിൽ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും ഇന്ത്യക്ക് ലക്ഷ്യത്തിലെത്താനായില്ല. 61 റൺസ് നേടിയ ജഡേജ പുറത്താവാതെ നിന്നു.