India vs England: രണ്ടാം ഇന്നിംഗ്സിൽ കൗണ്ടർ അറ്റാക്കുമായി ജയ്സ്വാൾ; ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 247ന് വീഴ്ത്തി ഇന്ത്യ
Yashasvi Jaiswal Shine In Final Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 52 റൺസിൻ്റെ ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്.

യശസ്വി ജയ്സ്വാൾ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 224 റൺസിന് ഓൾ ഔട്ടായപ്പോൾ ഇംഗ്ലണ്ട് 247 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. 52 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്. 51 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ക്രീസിൽ തുടരുകയാണ്.
ചായയ്ക്ക് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒരു വശത്ത് ഹാരി ബ്രൂക്ക് സ്കോർ ഉയർത്തിയെങ്കിലും പതിവുപോലെ വാലറ്റത്തെ ആടാൻ ഇന്ത്യൻ പേസർമാർ അനുവദിച്ചില്ല. ഗസ് അറ്റ്കിൻസണെ (11) പ്രസിദ്ധ് കൃഷ്ണ മടക്കി അയച്ചു. ഇതിനിടെ ഹാരി ബ്രൂക്ക് ഫിഫ്റ്റിയടിച്ചു. തൊട്ടുപിന്നാലെ ബ്രൂക്ക് (53) സിറാജിൻ്റെ ഇരയായി മടങ്ങി. ക്രിസ് വോക്സ് പരിക്കേറ്റ് പുറത്തായതിനാൽ ആ വിക്കറ്റോടെ ഇംഗ്ലണ്ട് ഓൾ ഔട്ടായി.
Also Read: India vs England: ഇംഗ്ലണ്ടിന് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടം, തിരിച്ചടിച്ച് ഇന്ത്യ
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പോസിറ്റീവായാണ് കളിയെ സമീപിച്ചത്. യശസ്വി ജയ്സ്വാൾ ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ട് ഓപ്പണർമാരുടെ തല്ലിന് ജയ്സ്വാളിലൂടെ ഇന്ത്യ പകരം വീട്ടി. ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. ഏഴ് റൺസ് നേടിയ കെഎൽ രാഹുലിനെ വീഴ്ത്തി ജോഷ് ടോങ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ സായ് സുദർശൻ കളത്തിലെത്തി. 11 റൺസ് നേടിയ താരം ഗസ് അറ്റ്കിൻസണിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. ഇതിനിടെ ജയ്സ്വാൾ ഫിഫ്റ്റിയും തികച്ചു. കേവലം 44 പന്തിലാണ് താരം അർദ്ധസെഞ്ചുറിയിലെത്തിയത്. പരമ്പരയിലെ രണ്ടാം ഇന്നിംഗ്സിൽ താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. ജയ്സ്വാളിനൊപ്പം (51) നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപും (4) ക്രീസിൽ തുടരുകയാണ്.