India Vs New Zealand: രാഹുലിന്റെ സെഞ്ചുറിക്ക് അതേ നാണയത്തില്‍ മിച്ചലിന്റെ മറുപടി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
India Vs New Zealand 2nd ODI result: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ്. 285 റണ്‍സ് വിജയലക്ഷ്യം കീവിസ് 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി.

Daryl Mitchell and Will Young
രാജ്‌കോട്ട്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പിച്ച് പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ്. 285 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.3 ഓവറില്‍ മറികടന്നു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 284, ന്യൂസിലന്‍ഡ് 47.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 286. മിന്നും ഫോമിലുള്ള ഡാരില്‍ മിച്ചലിന്റെ സെഞ്ചുറിയും, വില്‍ യങിന്റെ അര്‍ധ ശതകവുമാണ് കീവിസിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്.
മിച്ചല്‍ പുറത്താകാതെ 117 പന്തില്‍ 131 റണ്‍സെടുത്തു. വില്‍ യങ് 98 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായി. ഇരുവരും മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 162 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് മത്സരത്തില്‍ നിര്‍ണായകമായത്. മിച്ചലിനൊപ്പം 25 പന്തില്‍ 32 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും പുറത്താകാതെ നിന്നു.
ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടമായെങ്കിലും പിന്നീട് മത്സരത്തിലേക്ക് ന്യൂസിലന്‍ഡ് ശക്തമായി തിരികെയെത്തുകയായിരുന്നു. 21 പന്തില്‍ 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയെ ഹര്‍ഷിത് റാണയും, 24 പന്തില്‍ 10 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണയും ക്ലീന്‍ ബൗള്‍ഡ് ചെയ്തു.
സ്‌കോര്‍ബോര്‍ഡ് 46ല്‍ എത്തിയപ്പോഴേക്കും കീവിസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. മൂന്നാം വിക്കറ്റില്‍ വില്‍ യങും, ഡാരില്‍ മിച്ചലും ഒത്തുച്ചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞു. ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയതിന് ശേഷമാണ് ഈ കൂട്ടുക്കെട്ട് പിരിഞ്ഞത്. സെഞ്ചുറിക്ക് 13 റണ്‍സ് അകലെ വച്ച് യങ് പുറത്തായി. കുല്‍ദീപ് യാദവിന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് സമ്മാനിച്ചാണ് വില്‍ യങ് മടങ്ങിയത്.
പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ക്ലര്‍ക്ക് കീവിസ് ബൗളര്‍മാരില്‍ തിളങ്ങി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരം നിര്‍ണായകമായി. ഈ മത്സരത്തിലെ വിജയികള്‍ പരമ്പര സ്വന്തമാക്കും.