Ravindra Jadeja: രണ്ടാം ഏകദിനത്തില്‍ തോറ്റതിന് പിന്നില്‍ രവീന്ദ്ര ജഡേജയോ? തുറന്നടിച്ച് മുന്‍താരം
India Vs South Africa: രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ജഡേജയുടെ ഇന്നിംഗ്‌സ് വളരെ മന്ദഗതിയിലായിരുന്നുവെന്ന് പത്താന്‍ വിമര്‍ശിച്ചു

Ravindra Jadeja
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിതമായാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പ്രോട്ടീസ് നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍ക്കേണ്ടി വന്നതില്‍ ആരാധകര്‍ നിരാശയിലാണ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്ക്ക് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനാകാത്തതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പുറത്താകാതെ 27 പന്തില്‍ 24 റണ്‍സാണ് ജഡേജ നേടിയത്. ഇപ്പോഴിതാ, ജഡേജയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.
രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്‌സ് വളരെ മന്ദഗതിയിലായിരുന്നുവെന്ന് പത്താന്‍ വിമര്‍ശിച്ചു. ജഡേജയുടെ ബാറ്റിങ് ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് കമന്ററിക്കിടെ തങ്ങള്‍ പറഞ്ഞിരുന്നു. 88.89 മാത്രമായിരുന്നു ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ്. 300ന് മുകളില്‍ സ്‌കോര്‍ ഉണ്ടായിരുന്നിട്ടും ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞത് തിരിച്ചടിയായെന്ന് പത്താന്‍ ചൂണ്ടിക്കാട്ടി.
ചിലപ്പോൾ വേഗത കുറഞ്ഞ ഇന്നിംഗ്‌സുകൾ ഉണ്ടാകാറുണ്ട്. അത് നല്ലതാണ്. പക്ഷേ ജഡേജയുടെ സമീപനം നിരാശാജനകമായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു. സമീപനം മെച്ചപ്പെടുത്താമായിരുന്നു. കമന്ററി സമയത്തും ഇത് തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നെന്ന് പത്താന്‍ വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കയെ പത്താന്‍ പ്രശംസിച്ചു. ഐഡൻ മാർക്രം, ടെംബ ബവുമ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അദ്ദേഹം പറഞ്ഞു.