KM Asif: ഫ്രാഞ്ചെസികളുടെ റഡാറില്‍ കെഎം ആസിഫ്; മലപ്പുറം പയ്യന്‍ സഞ്ജുവിനൊപ്പം മഞ്ഞക്കുപ്പായത്തിലെത്തുമോ?
Kerala pacer KM Asif likely to return to IPL: കെഎം ആസിഫ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം മികച്ച ഫോമിലാണ്. സഞ്ജു സാംസണും ആസിഫും ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുമോ?
ഐപിഎല്ലിലേക്കുള്ള തിരിച്ചവരവിന് കെഎം ആസിഫിന് ഇനി അധികം ദൂരം ബാക്കിയില്ലെന്നാണ് പ്രതീക്ഷ. ആഭ്യന്തര താരങ്ങള്‍ക്ക് ഐപിഎല്ലില്‍ ഇടം നേടാനുള്ള ചവിട്ടുപടിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി. ആ ചവിട്ടുപടി ആസിഫ് ഇതുവരെ ഭംഗിയായി മറികടന്നു. ഐപിഎല്‍ ഫ്രാഞ്ചെസികളുടെ റഡാറില്‍ മലപ്പുറം സ്വദേശിയായ 32കാരന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബറിലെ താരലേലത്തിലൂടെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ആസിഫ് നടത്തുമെന്നാണ് മലയാളി ആരാധകരുടെ പ്രതീക്ഷ.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ആസിഫ് രണ്ടാമതുണ്ട്. നാല് മത്സരങ്ങളില്‍ നിന്നു വീഴ്ത്തിയത് 13 വിക്കറ്റ്. ഇന്ന് ആന്ധ്രാപ്രദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഒന്നാം സ്ഥാനവും വിദൂരമല്ല.
ഒഡീഷയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് ആസിഫ് വീഴ്ത്തിയത്. റെയില്‍വേസിനെതിരെ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഛത്തീസ്ഗഡിനെതിരെയും മൂന്ന് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. മൂന്നോവര്‍ എറിഞ്ഞ താരം വഴങ്ങിയത് 16 റണ്‍സ് മാത്രം. വിദര്‍ഭയ്‌ക്കെതിരെ കളിച്ചില്ല. കരുത്തരായ മുംബൈയ്‌ക്കെതിരെ ആസിഫ് കൊടുങ്കാറ്റായി. 3.4 ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം പിഴുതത്.
ഈ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചെസികളുടെ ശ്രദ്ധയില്‍പെട്ടെന്നാണ് സൂചന. താരലേലത്തില്‍ ഒന്നിലേറെ ഫ്രാഞ്ചെസികള്‍ ആസിഫിനായി രംഗത്തെത്തുമോയെന്നതിലാണ് ആകാംക്ഷ. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചെസികള്‍ക്കായി ഐപിഎല്ലില്‍ കളിച്ച് പരിചയമുള്ള താരമാണ് ആസിഫ്. വീണ്ടും താരം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമോയെന്ന് താരലേലത്തില്‍ അറിയാം.
സഞ്ജുവിനൊപ്പം ചെന്നൈയിലേക്കോ?
സഞ്ജു സാംസണിനൊപ്പം ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. സിഎസ്‌കെയ്ക്കായി കളിച്ച മുന്‍പരിചയം ആസിഫിനുണ്ട്. ആസിഫിനെ ചെന്നൈയിലെത്തിക്കാന്‍ സഞ്ജു ശ്രമിക്കുമോയെന്നറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.
കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് ആസിഫ് കളിക്കുന്നത്. ബ്ലൂ ടൈഗേഴ്‌സിന്റെ ടാലന്റ് സ്‌കൗട്ടായിരുന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസ് ഇപ്പോള്‍ സിഎസ്‌കെയുടെ ഭാഗമാണ്. ഇനി ആസിഫിനെ കൂടി ചെന്നൈ ടീമിലെത്തിക്കുമോയെന്നാണ് അറിയേണ്ടത്. സഞ്ജുവും ആസിഫും ഒരുമിച്ചായി ചെന്നൈയ്ക്കായി കളിക്കുമോയെന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.