India vs South Africa: ടോപ്പ് ഓർഡർ പിഴുത് ബുംറ; ഒപ്പം ചേർന്ന് കുൽദീപ്: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു
South Africa Lost 5 Wickets: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് തിളങ്ങിയത്.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പതറി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രോട്ടിയസിന് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. എയ്ഡൻ മാർക്രവും റയാൻ റിക്കിൾട്ടണും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ജസ്പ്രീത് ബുംറ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ബുംറയ്ക്കൊപ്പം ന്യൂബോൾ പങ്കിട്ട മുഹമ്മദ് സിറാജിൻ്റെ ലൈനും ലെംഗ്തും മോശമായപ്പോൾ ദക്ഷിണാഫ്രിക്ക കുതിച്ചുപാഞ്ഞു. ഒരു ഓവറിൽ പലതവണ പന്ത് ബൗണ്ടറിയിലെത്തി. സിറാജിന് പകരം എത്തിയ അക്സർ പട്ടേലും തല്ലുവാങ്ങി. 57 റൺസിൻ്റെ കൂട്ടുകെട്ടിലാണ് റിക്കിൾട്ടണും മാർക്രവും പങ്കാളികളായത്.
22 പന്തിൽ 23 റൺസ് നേടിയ റിക്കിൾട്ടണിൻ്റെ കുറ്റി പിഴുത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറിൽ എയ്ഡൻ മാർക്രത്തെ ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ച ബുംറ പ്രോട്ടീസിൻ്റെ രണ്ട് ഓപ്പണർമാർക്കും മടക്ക ടിക്കറ്റ് നൽകി. 31 റൺസാണ് താരം നേടിയത്. വൈകാതെ ക്യാപ്റ്റൻ ടെംബ ബാവുമയും (3) മടങ്ങി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ബാവുമയെ ധ്രുവ് ജുറേൽ പിടികൂടുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസെന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. നാലാം വിക്കറ്റിൽ വ്യാൻ മുൾഡറും ടോണി ഡി സോർസിയും ചേർന്ന് പടുത്തുയർത്തിയ 43 റൺസ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു. മുൾഡറെ (24) കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കിയ കുൽദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഡി സോർസിയെ (24) വിക്കറ്റിന് മുന്നിൽ കുരുക്കിയ ജസ്പ്രീത് ബുംറ തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.