India vs South Africa: ഇരട്ടസെഞ്ചുറികൾക്ക് ഒറ്റക്കെട്ടായി മറുപടി നൽകി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം
South Africa Wins: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നാല് വിക്കറ്റിനാണ് പ്രോട്ടിയസ് വിജയിച്ചത്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഇന്ത്യയുടെ ഇരട്ടസെഞ്ചുറികൾക്ക് ഒറ്റക്കെട്ടായാണ് ദക്ഷിണാഫ്രിക്ക മറുപടി നൽകിയത്. 110 റൺസ് നേടിയ എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്വിൻ്റൺ ഡികോക്കിനെ വേഗത്തിൽ നഷ്ടമായി. 8 റൺസ് നേടിയ താരത്തെ അർഷ്ദീപ് സിംഗ് പുറത്താക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന എയ്ഡൻ മാർക്രവും തെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചു. 101 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 46 റൺസ് നേടിയ ബാവുമയെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ഈ കൂട്ടുകെട്ട് പൊളിച്ചു.
Also Read: India vs South Africa: ഋതുരാജിനും കോലിയ്ക്കും സെഞ്ചുറി; ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
നാലാം നമ്പരിലെത്തിയ മാത്യു ബ്രീറ്റ്സ്കിയും മാർക്രവും ആക്രമിച്ചുകളിച്ചു. 70 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഇതിനിടെ മാർക്രം സെഞ്ചുറിയടിച്ചു. സെഞ്ചുറി നേടിയതിന് പിന്നാലെ 98 പന്തിൽ 110 റൺസ് നേടിയ താരം പുറത്തായി. ഹർഷിത് റാണയ്ക്കായിരുന്നു വിക്കറ്റ്.
പിന്നാലെയെത്തിയ ഡെവാൾഡ് ബ്രെവിസിൻ്റെ വിസ്ഫോടനാത്മക ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്. 34 പന്തിൽ 54 റൺസ് നേടിയ ബ്രെവിസ് കുൽദീപ് യാദവിൻ്റെ ഇരയായി മടങ്ങുമ്പോൾ ബ്രീറ്റ്സ്കിയുമൊത്ത് 92 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ മാത്യു ബ്രീറ്റ്സ്കെ (68), ടോണി ഡി സോർസി (17), മാർക്കോ യാൻസൻ (2) എന്നിവർ വേഗം പുറത്തായെങ്കിലും 15 പന്തിൽ 26 റൺസ് നേടി പുറത്താവാതെ നിന്ന കോർബിൻ ബോഷ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.