Sanju Samson: സഞ്ജു സാംസണ്‍ കേരള ക്യാമ്പ് വിടും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരിച്ചടി
Sanju Samson to miss final two group matches in SMAT 2025: സഞ്ജു സാംസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഡിസംബര്‍ 6 മുതലുള്ള ഗ്രൂപ്പ് മത്സരങ്ങളില്‍ കളിക്കില്ല. സഞ്ജുവിന്റെ അസാന്നിധ്യം കേരളത്തിന് തിരിച്ചടിയാണ്
സഞ്ജു സാംസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ കളിക്കില്ല. ഡിസംബര്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിനാലാണിത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിനെതിരെയും, എട്ടിന് അസമിനെതിരെയുമാണ് മത്സരങ്ങള്‍. ഇതില്‍ അസമിനെതിരായ മത്സരത്തില്‍ സഞ്ജു കളിക്കില്ല. ആന്ധ്രാപ്രദേശിനെതിരെ കളിക്കാനും സാധ്യത കുറവാണ്.
സഞ്ജുവിന്റെ അഭാവത്തില്‍ ഉപനായകന്‍ അഹമ്മദ് ഇമ്രാന്‍ ക്യാപ്റ്റനായേക്കും. ഇതാദ്യമായാണ് അഹമ്മദ് ഇമ്രാന്‍ കേരളത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്. 19-ാം വയസിലാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്നാമതാണ് കേരളം. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച കേരളത്തിന് 12 പോയിന്റുണ്ട്. ഒഡീഷയ്‌ക്കെതിരെയും, ഛത്തീസ്ഗഡിനെതിരെയും മുംബൈയ്‌ക്കെതിരെയും ജയിച്ചു. റെയില്‍വേസിനെതിരെയും, വിദര്‍ഭയ്‌ക്കെതിരെയും തോറ്റു. നാല് വിജയവുമായി മുംബൈയാണ് ഒന്നാമത്. മൂന്ന് വിജയവുമായി ആന്ധ്രാപ്രദേശ് രണ്ടാമതുണ്ട്.
Also Read: Sanju Samson: ടി20 ടീമിൽ സഞ്ജു സാംസണും ഇടം; ശുഭ്മൻ ഗില്ലും പരമ്പരയിൽ കളിക്കും
സഞ്ജു വരും മത്സരങ്ങളില്‍ കളിക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. റെയില്‍വേസിനെതിരെയും, ഛത്തീസ്ഗഡിനെതിരെയും നടന്ന മത്സരങ്ങളില്‍ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റെയില്‍വേസിനെതിരെ പുറത്താകാതെ 51 റണ്‍സെടുത്തു. ഛത്തീസ്ഗഡിനെതിരെ 15 പന്തില്‍ 43 റണ്‍സെടുത്തു. റെയില്‍വേസിനെതിരെയും, വിദര്‍ഭയ്‌ക്കെതിരെയും നിരാശപ്പെടുത്തി.
റെയില്‍വേസിനെതിരെ 19 റണ്‍സാണ് താരം നേടിയത്. വിദര്‍ഭയ്‌ക്കെതിരെ നേടിയത് ഒരു റണ്‍സ് മാത്രം. മുംബൈയ്‌ക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 28 പന്തില്‍ 46 റണ്‍സെടുത്ത് വീണ്ടും ഫോമിലേക്ക് തിരികെയെത്തി.
സൂപ്പര്‍ ലീഗ്, ഫൈനല്‍ മത്സരങ്ങളിലേക്ക് കേരളം യോഗ്യത നേടിയാലും സഞ്ജു കളിക്കില്ല. ഡിസംബര്‍ 18നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഫൈനല്‍ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 19ന് മാത്രമേ അവസാനിക്കൂ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
മുംബൈയെ തോല്‍പിച്ച് കേരളം
അതേസമയം, ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ കേരളം തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178 റണ്‍സെടുത്തു. മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി.