T20 World Cup 2026: 2026 ലോകകപ്പ് ജഴ്സി അവതരിപ്പിച്ച് രോഹിതും തിലകും; പോരെന്ന് ആരാധകർ
India Jersey For 2026 T20 World Cup: 2026 ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു. രോഹിത് ശർമ്മയും തിലക് വർമ്മയും ചേർന്നാണ് ജഴ്സി അവതരിപ്പിച്ചത്.
2026 ടി20 ലോകകപ്പ് ജഴ്സി അവതരിപ്പിച്ച് രോഹിത് ശർമ്മയും തിലക് വർമ്മയും. റായ്പൂരിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്നിംഗ്സ് ബ്രേക്കിനിടെയായിരുന്നു സംഭവം. കടും നീല, ഇളം നീല വരകളും കൈകളിൽ ഓറഞ്ച് നിറവുമാണ് പുതിയ ജഴ്സിക്കുള്ളത്. എന്നാൽ, ജഴ്സി അത്ര പോരെന്നാണ് ആരാധകർ പറയുന്നത്.
നിലവിലെ ജേതാക്കളായ ഇന്ത്യയാണ് വരുന്ന ടി20 ലോകകപ്പിൻ്റെ സഹ ആതിഥേയർ. ഇന്ത്യക്കൊപ്പം ശ്രീലങ്കയും ആതിഥേയരാണ്. ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെ നീളുന്ന ലോകകപ്പിൽ ഇന്ത്യ എ ഗ്രൂപ്പിലാണ്. പാകിസ്താൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നീ ടീമുകളാണ് എ ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പം മത്സരിക്കുക. ഫെബ്രുവരി ഏഴിന് യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Also Read: Sanju Samson: ടി20 ടീമിൽ സഞ്ജു സാംസണും ഇടം; ശുഭ്മൻ ഗില്ലും പരമ്പരയിൽ കളിക്കും
2024 ടി20 ലോകകപ്പ് ജേതാവായ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മയാണ് 2026 എഡിഷൻ്റെ ബ്രാൻഡ് അംബാസിഡർ. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായി മത്സരങ്ങൾ നടക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഫെബ്രുവരി 15 നാണ്. നവംബർ 12ന് ഡൽഹിയിൽ നമീബിയയെ നേരിടുന്ന ഇന്ത്യ 18ന് അഹ്മദാബാദിൽ നെതർലൻഡ്സിനെ നേരിടും.
ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ എന്നീ ടീമുകളാണ് കളിക്കുക. മരണ ഗ്രൂപ്പായ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ പരസ്പരം പോരടിക്കും. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്.
മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹ്മദാബാദ് എന്നീ വേദികളാണ് ഇന്ത്യയിലുള്ളത്. ശ്രീലങ്കയിലെ വേദികളിൽ രണ്ടെണ്ണം കൊളംബോയിലാണ്. മൂന്നാമത്തെ വേദി കാൻഡിയിൽ.