IND W vs PAK W: അറിയാലോ, ഇന്ത്യയാണ്! വീണ്ടും തോറ്റ് തൊപ്പിയിട്ട് പാകിസ്ഥാന്‍
India W beat Pakistan W: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ജയം. പാകിസ്ഥാനെ 64 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു.
വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 64 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍: 20 ഓവറില്‍ ആറു വിക്കറ്റിന് 170, പാകിസ്ഥാന്‍ 17 ഓവറില്‍ 106. 44 പന്തില്‍ 68 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയുടെ സ്‌കോര്‍ 170-ലെത്തിച്ചത്. റിച്ച 17 പന്തില്‍ 34 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തില്‍ 36 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ നഷ്ടമായി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്താണ് ഷഫാലി ഔട്ടായത്. നാലാം ഓവറില്‍ വണ്‍ ഡൗണായെത്തിയ ജെമീമ റോഡ്രിഗസും പുറത്തായി. ഏഴു പന്തുകള്‍ നേരിട്ട ജെമീമയ്ക്ക് ഒരു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്നാം വിക്കറ്റില്‍ സ്മൃതിയും, ഹര്‍മന്‍പ്രീതും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ട് വിക്കറ്റിന് 18 എന്ന നിലയില്‍ നിന്നും, ഇന്ത്യയ്ക്ക് വിലപ്പെട്ട 91 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.
സ്മൃതി ഔട്ടായതിന് ശേഷം ക്രീസിലെത്തിയ ഭാരതി ഫുള്‍മാലി വന്നപോലെ മടങ്ങി. മൂന്ന് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. തുടര്‍ന്നായിരുന്നു റിച്ച ഘോഷിന്റെ വരവ്. തുടക്കം മുതല്‍ റിച്ച തകര്‍ത്തടിച്ചു. തുടര്‍ച്ചയായി അഞ്ച് ഫോറുകള്‍ അടിച്ചുകൂട്ടാനും റിച്ചയ്ക്ക് സാധിച്ചു. 19-ാം ഓവറിലെ അവസാന നാലു പന്തുകളും, ഇരുപതാം ഓവറിലെ രണ്ടാം പന്തുമാണ് റിച്ച തുടര്‍ച്ചയായി ബൗണ്ടറി കടത്തിയത്.
ദീപ്തി ശര്‍മ ഒമ്പത് പന്തില്‍ 12 റണ്‍സുമായും, ശ്രേയങ്ക പാട്ടീല്‍ ഒരു പന്തില്‍ ഒരു റണ്‍സുമായും പുറത്താകാതെ നിന്നു. പാകിസ്ഥാനു വേണ്ടി സാദിയ ഇഖ്ബാലും, ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും, തസ്മിയ റുബാബും, റമീന്‍ ഷമീമും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
പോരാടിയത് മുനീബ അലി മാത്രം
ഓപ്പണര്‍മാരായ മുനീബ അലിയും, ഗുള്‍ ഫെറോസയും പാകിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 4.5 ഓവറില്‍ പാകിസ്ഥാന് 38 റണ്‍സ് സമ്മാനിച്ചു. ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത ഫെറോസയെ പുറത്താക്കി ദീപ്തി ശര്‍മയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ആയിഷ സഫറിനെയും (എട്ട് പന്തില്‍ 12 റണ്‍സ്) ദീപ്തി പുറത്താക്കി. അടുത്തത് ശ്രീ ചരണിയുടെ ഊഴമായിരുന്നു.
മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത സായിറ ജബീനെയാണ് ശ്രീ ചരണി ആദ്യം പുറത്താക്കിയത്. അധികം വൈകാതെ തന്നെ പാകിസ്ഥാന്റെ ടോപ് സ്‌കോററായ മുനീബയെ ദീപ്തി റണ്ണൗട്ടാക്കി. 35 പന്തില്‍ 41 റണ്‍സാണ് മുനീബ നേടിയത്. 13 പന്തില്‍ ഏഴു റണ്‍സെടുത്ത നതാലിയ പര്‍വെയിസിനെ ചരണിയും പുറത്താക്കിയതോടെ പാകിസ്ഥാന്‍ തകര്‍ന്നു. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയെ സംപൂജ്യയാക്കി ഷഫാലി വര്‍മ്മ പറഞ്ഞുവിട്ടു.
ആലിയ റിയാസ്-17 പന്തില്‍ 18, റമീന്‍ ഷമീം-ആറു പന്തില്‍ നാല്, നഷ്ര സന്ധു-അഞ്ച് പന്തില്‍ നാല്, തസ്മിയ റുബാബ്-രണ്ട് പന്തില്‍ പൂജ്യം, സാദിയ ഇഖ്ബാല്‍-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് കളിയിലെ താരം. ശ്രീ ചരണി മൂന്ന് വിക്കറ്റ് നേടി. ഷഫാലി വര്‍മ ഒരു വിക്കറ്റ് സ്വന്തമാക്കി.
English Summary
India defeated Pakistan by 64 runs in their Women’s T20 World Cup opener. Smriti Mandhana scored 68 runs, while Richa Ghosh made a quick 34 to power India to 170. In reply, Pakistan’s innings collapsed and ended at 106 runs in 17 overs. Deepti Sharma took 5 wickets and was named Player of the Match.