IND vs WI: സെഞ്ചുറിയുമായി ശ്രേയസ്; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
India vs West Indies 1st T20I match result and score: ഇന്ത്യ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. സെഞ്ചുറിയടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. 43 പന്തില്‍ 102 റണ്‍സുമായി ശ്രേയസും, 27 പന്തില്‍ 37 റണ്‍സുമായി ഇഷാന്‍ കിഷാനും പുറത്താകാതെ നിന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 32 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 171 റണ്‍സിന് പുറത്തായി. ഇന്ത്യ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. സെഞ്ചുറിയടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. 43 പന്തില്‍ 102 റണ്‍സുമായി ശ്രേയസും, 27 പന്തില്‍ 37 റണ്‍സുമായി ഇഷാന്‍ കിഷാനും പുറത്താകാതെ നിന്നു.
ചേസിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മ മികച്ച തുടക്കമാണ് നല്‍കിയത്. 10 പന്തില്‍ 21 റണ്‍സ് നേടിയാണ് താരം പുറത്തായത്. റോസ്റ്റണ്‍ ചേസ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മറുവശത്ത്, സഹ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഇന്നും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ 11 റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ. അക്കീല്‍ ഹൊസൈന്‍ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്തായത്.
അടുത്തിടെ സമാപിച്ച അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഏഷ്യന്‍ ഗെയിംസ് മുതല്‍ സഞ്ജു വീണ്ടും ഫോം ഔട്ടായിരിക്കുകയാണ്. അടുത്ത മത്സരത്തിലും താരം നിരാശപ്പെടുത്തിയാല്‍ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Also Read: IND vs NZ: ന്യൂസിലന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തി സഞ്ജു, ഭുവി തിരിച്ചെത്തി
മൂന്നാം വിക്കറ്റില്‍ ശ്രേയസും ഇഷാനും 137 റണ്‍സിന്റെ അപരാജിത കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. ആറു സിക്‌സും, 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ പ്രകടനം.
ഫോം തുടര്‍ന്ന് ഹോപ്
വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് ഏകദിന പരമ്പരയിലെ ഫോം ടി20യിലും ആവര്‍ത്തിച്ചു. 37 പന്തില്‍ 52 റണ്‍സെടുത്ത ഹോപിന്റെയും, 34 പന്തില്‍ 56 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെയും ബാറ്റിങാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.
കാമില്‍ പുരന്‍-11 പന്തില്‍ 12, ഹെറ്റ്‌മെയര്‍-രണ്ട് പന്തില്‍ അഞ്ച്, റോവ്മന്‍ പവല്‍-മൂന്ന് പന്തില്‍ പൂജ്യം, റോസ്റ്റണ്‍ ചേസ്-മൂന്ന് പന്തില്‍ അഞ്ച്, റൊമാരിയോ ഷെപ്പേര്‍ഡ്-അഞ്ച് പന്തില്‍ ഏഴ്, മാത്യു ഫോര്‍ഡ്-നാലു പന്തില്‍ രണ്ട്, ഷമര്‍ സ്പ്രിങര്‍-ഏഴ് പന്തില്‍ ഒമ്പത്, അക്കീല്‍ ഹൊസൈന്‍-ഒമ്പത് പന്തില്‍ 15, ഷമാര്‍ ജോസഫ്-ഒരു പന്തില്‍ പൂജ്യം നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഇന്ത്യയ്ക്ക് വേണ്ടി നമന്‍ ധീര്‍ മൂന്ന് വിക്കറ്റും, കുല്‍ദീപ് യാദവും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിങും, മയങ്ക് യാദവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
English Summary
India secured a dominant win against the West Indies in the first T20 match by chasing down 172 runs in just 14.4 overs. Captain Shreyas Iyer led the victory with a brilliant century, scoring 102 runs off 43 balls. Earlier, West Indies were bowled out for 171 runs, propelled by half-centuries from Shai Hope and Sherfane Rutherford. Naman Dhir starred with the ball for India, picking up three wickets.