India vs West Indies: ഇനി ഇന്ത്യയിറങ്ങുക ടെസ്റ്റ് ജഴ്സിയിൽ; വിൻഡീസിനെതിരായ പരമ്പര നാളെ ആരംഭിക്കും
Ind vs WI Test Series: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. അഹ്മദാബാദിലാണ് ആദ്യ മത്സരം.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. 2025- 2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ രണ്ടാം പരമ്പരയാണിത്. നിലവിൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ശുഭ്മൻ ഗില്ലിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ഓസ്ട്രേലിയക്കെതിരെ നിരാശപ്പെടുത്തിയ കരുൺ നായർക്ക് ടീമിൽ ഇടം നഷ്ടപ്പെട്ടു. പരിക്കേറ്റ് പുറത്തായിരുന്ന നിതീഷ് കുമാർ റെഡ്ഡി ടീമിലേക്ക് തിരികെയെത്തി. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ ധ്രുവ് ജുറേൽ ആവും പ്രധാന വിക്കറ്റ് കീപ്പർ. നാരായൺ ജഗദീശൻ ബാക്കപ്പ് വിക്കറ്റ് കീപ്പറാവും. രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ ഓപ്ഷനുകൾ.
പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വെസ്റ്റ് ഇൻഡീസിന് കനത്ത തിരിച്ചടിയാണ്. പേസർ ജെഡിയ ബ്ലേഡ്സ് ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം പിടിച്ചു. ടെവിൻ ഇമ്ലാച്, കെവ്‌ലോൺ ആൻഡേഴ്സൺ തുടങ്ങിയവരും ടീമിലുണ്ട്. റോസ്റ്റൺ ചേസ് ആണ് വിൻഡീസ് ക്യാപ്റ്റൻ.