India Women vs Srilanka Women: ക്യാപ്റ്റൻ്റെ ഫിഫ്റ്റിയും വാലറ്റവും രക്ഷിച്ചു; അഞ്ചാം ടി20യിൽ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ
INDW Score vs SLW: ശ്രീലങ്കക്കെതിരായ അവസാന ടി20യിൽ ഭേദപ്പെട്ട സ്കോറുമായി ഇന്ത്യ. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫിഫ്റ്റിയടിച്ചു.
ശ്രീലങ്കക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ ഹർമൻപ്രീത് മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി നിശ്ചിത 20 ഓവറിൽ 175 റൺസാണ് ഇന്ത്യ നേടിയത്. ഒരു ഘട്ടത്തിൽ വൻ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ ഹർമൻ രക്ഷപ്പെടുത്തുകയായിരുന്നു. നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ഈ കളി വിജയിച്ചാൽ പരമ്പര ഇന്ത്യ തൂത്തുവാരും.
സ്മൃതി മന്ദനയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. പകരം 17കാരിയായ ജി കമാലിനി ഷഫാലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. വളരെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തിളങ്ങിയ ഷഫാലി അഞ്ച് റൺസ് മാത്രം നേടി പുറത്തായി. ജി കമാലിനി (12), ഹർലീൻ ഡിയോൾ (13) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. റിച്ച ഘോഷ് (5), ദീപ്തി ശർമ്മ (7) എന്നിവർ കൂടി വേഗം മടങ്ങിയതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.
തുടരെ പങ്കാളികളെ നഷ്ടമായെങ്കിലും തകർത്തുകളിച്ച ഹർമൻപ്രീത് കൗർ ഇന്ത്യൻ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. ഏഴാം നമ്പരിലെത്തിയ അമൻജോത് കൗറാണ് ഹർമന് ഉറച്ച പിന്തുണ നൽകിയത്. ഹർമൻ ആക്രമിച്ചപ്പോൾ അമൻജോത് ക്യാപ്റ്റനെ പിന്തുണച്ചു. 61 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിലാണ് ഇരുവരും ചേർന്ന് പങ്കാളികളായത്. ഇതിനിടെ ഹർമൻ തൻ്റെ ഫിഫ്റ്റിയും തികച്ചു. 21 റൺസ് നേടിയ അമൻജോത് മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ഏറെ വൈകാതെ 43 പന്തിൽ 68 റൺസ് നേടി ഹർമനും മടങ്ങി. അവസാന ഓവറുകളിൽ ബൗണ്ടറികൾ നേടിയ അരുന്ധതി റെഡ്ഡിയും (11 പന്തിൽ 27 നോട്ടൗട്ട്) സ്നേഹ് റാണയും (6 പന്തിൽ 8 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ അപരാജിതമായ 33 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി.