India Vs New Zealand ODI: ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഏകദിന ടീം പ്രഖ്യാപനം എന്ന്? സഞ്ജുവിന് പ്രതീക്ഷിക്കാമോ?
Will Sanju Samson be included in the ODI series against New Zealand: സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ല. 2023 ഡിസംബറിന് ശേഷം സഞ്ജു ഏകദിനം കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം. എന്നാല്‍ ഇതിന് ശേഷം സഞ്ജു തഴയപ്പെട്ടു
മുംബൈ: ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ജനുവരി 3 അല്ലെങ്കില്‍ 4 തീയതികളില്‍ സെലക്ഷന്‍ കമ്മിറ്റി ഓണ്‍ലൈന്‍ മീറ്റിങ് ചേരുമെന്നാണ് സൂചന. ഈ യോഗത്തില്‍ സ്‌ക്വാഡ് അന്തിമമാക്കും. ശുഭ്മാന്‍ ഗില്ലാകും ക്യാപ്റ്റന്‍. ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായേക്കും. കെഎല്‍ രാഹുലാകും പ്രധാന വിക്കറ്റ് കീപ്പര്‍. പരിക്കില്‍ നിന്ന് മുക്തനായ ശ്രേയസ് അയ്യര്‍ പരിശീലനം പുനഃരാരംഭിച്ചെങ്കിലും താരത്തെ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.
മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ല. 2023 ഡിസംബറിന് ശേഷം സഞ്ജു ഏകദിനം കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം. എന്നാല്‍ ഇതിന് ശേഷം സഞ്ജു തഴയപ്പെട്ടു.
സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു ഏകദിന ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഇതും തിരിച്ചടിയാണ്. ടി20 ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങള്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ എല്ലാ മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ ഇളവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു കളിച്ചിട്ടില്ല.
ടി20 ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങളില്‍ ചിലര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
ലോകകപ്പ് സ്‌ക്വാഡിലുള്ള താരങ്ങളെയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും നിലനിര്‍ത്തിയിരിക്കുന്നത്. ജനുവരി 11, 14, 18 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. 21, 23, 25, 28, 31 തീയതികളില്‍ ടി20 മത്സരങ്ങളും നടക്കും.
ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലന്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡ് ടീം: മൈക്കൽ ബ്രേസ്‌വെൽ, ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ഡെവൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റേ, വിൽ യംഗ്