India Women vs Srilanka Women: കാര്യവട്ടം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിങ്; ഇന്ത്യൻ ടീമിന് പിന്തുണയുമായി ഗ്യാലറി
Srilanka Lost 3 Wickets vs India: ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. മികച്ച തുടക്കത്തിന് ശേഷമാണ് ശ്രീലങ്കയ്ക്ക് തുടർ വിക്കറ്റുകൾ നഷ്ടമായത്.
ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ശ്രീലങ്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ ടീമിന് പിന്തുണയുമായി മോശമല്ലാത്ത എണ്ണം കാണികൾ ഗ്യാലറിയിലുണ്ട്.
കഴിഞ്ഞ കളിയിൽ നിന്ന് ഇന്ത്യ രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ ശ്രീലങ്ക മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ സ്നേഹ് റാണയും അരുന്ധതി റെഡ്ഡിയും പുറത്തിരുന്നു. ദീപ്തി ശർമ്മ, രേണുക സിംഗ് എന്നിവർ ടീമിലെത്തി. ശ്രീലങ്കൻ ടീമിൽ കാവ്യ കവിന്ദി, ശശിനി ഗിമാനി, വിഷ്മി ഗുണരത്നെ എന്നിവർക്ക് പകരം മൽഷ ഷേഹാനി, ഇമേഷ ദുലനി, നിമേഷ മദുഷനി എന്നിവർ ഇടം പിടിച്ചു.
Also Read: VHT 2025: കേരളത്തിന് പണികൊടുത്ത് മലയാളികളുടെ സെഞ്ചുറി; കർണാടകയുടെ ജയം 8 വിക്കറ്റിന്
ഹാസിനി പെരേരയും ചമരി അത്തപ്പത്തുവും ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. പതിവിന് വിപരീതമായി ഹാസിനി പെരേര ആക്രമിച്ചുകളിച്ചപ്പോൾ അത്തപ്പത്തുവിന് സ്കോർ ഉയർത്താനായില്ല. 12 പന്തിൽ 3 റൺസ് നേടിയ അത്തപ്പത്തുവിനെ വീഴ്ത്തി ദീപ്തി ശർമ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഒരു ഓവറിൽ ഹാസിനി പെരേരയെയും (18 പന്തിൽ 25) ഹർഷിത സമരവിക്രമയെയും (2) മടക്കി രേണുക സിംഗ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ഇന്ത്യ ഇന്നത്തെ കളി വിജയിച്ചാൽ പരമ്പര നേടും. കാര്യവട്ടം സ്റ്റേഡിയത്തിലെ ആദ്യ വനിതാ മത്സരമാണ് ഇത്. പരമ്പരയിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാവും നടക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വനിതാ ലോകകപ്പ് മത്സരങ്ങൾ കാര്യവട്ടത്ത് നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നു.