IPL 2026 Auction: പഴ്സിലുള്ളത് രണ്ടേമുക്കാൽ കോടി; വേണ്ടത് അഞ്ച് താരങ്ങളെ: ലേലത്തിൽ മുംബൈക്ക് ചെയ്യാനൊന്നുമില്ല
Mumbai Indians IPL 2026 Purse: മുംബൈ ഇന്ത്യൻസ് ആണ് ഏറ്റവും കുറഞ്ഞ തുകയുമായി 2026 ഐപിഎൽ ലേലത്തിനെത്തുക. രണ്ടേമുക്കാൽ കോടി രൂപയാണ് മുംബൈയുടെ പഴ്സിലുള്ളത്.

മുംബൈ ഇന്ത്യൻസ്
ഐപിഎൽ 2026 റിട്ടൻഷൻ പട്ടിക പുറത്തുവന്നപ്പോൾ പഴ്സിൽ ഏറ്റവും കുറവ് തുകയുള്ളത് മുംബൈ ഇന്ത്യൻസിനാണ്. വെറും രണ്ടേമുക്കാൽ കോടി രൂപ മാത്രമാണ് മുംബൈയുടെ പഴ്സിൽ ബാക്കിയുള്ളത്. ടീമിൽ ഒഴിവുള്ളത് അഞ്ച് താരങ്ങൾ. അതായത്, താരലേലത്തിൽ മുംബൈക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.
ശാർദുൽ താക്കൂർ, ഷെർഫെയിൻ റതർഫോർഡ് എന്നിവരെ ട്രേഡ് ചെയ്ത് ടീമിലെത്തിച്ച മുംബൈ അർജുൻ തെണ്ടുൽക്കറെ ലഖ്നൗവിന് ട്രേഡ് ചെയ്തു. ബെവൺ ജേക്കബ്സ്, കരൺ ശർമ്മ, മുജീബ് റഹ്മാൻ, ലിസാഡ് വില്ല്യംസ്, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, സത്യനാരായണ രാജു, വിഗ്നേഷ് പുത്തൂർ എന്നിവരെയും മുംബൈ റിലീസ് ചെയ്തു. റതർഫോർഡും താക്കൂറും മാർക്കണ്ഡെയും എത്തിയതോടെ മുംബൈയുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായെങ്കിലും ബാക്കപ്പ് ഓപ്ഷനുകൾ കുറവാണ്. വെറും രണ്ടേമുക്കാൽ കോടി രൂപ കൊണ്ടാണ് മുംബൈ ബാക്കപ്പ് ഓപ്ഷനുകൾ കണ്ടെത്തേണ്ടത്.
Also Read: IPL 2026 Auction: കാശ് വീശിയെറിയാൻ ചെന്നൈ ഒരു വരവ് കൂടി വരും, കയ്യിലുള്ളത് 43.40 കോടി രൂപ
ഒരു വിദേശ സ്ലോട്ട് അടക്കം അഞ്ച് പേരെ മുംബൈക്ക് ഇനി ടീമിലെത്തിക്കാം. എന്നാൽ, വിദേശതാരത്തെ ടീമിലെത്തിക്കുക അസാധ്യമാണ്. ചില ഇന്ത്യൻ താരങ്ങളെ മുംബൈ ഉന്നംവെച്ചേക്കും. സ്കൗട്ടിംഗിലൂടെ കണ്ടെത്തിയ താരങ്ങൾ മിനി ലേലത്തിൽ മുംബൈയുടെ റഡാറിൽ വരുമോ എന്നും കണ്ടറിയണം. വിഗ്നേഷ്, മുജീബ് എന്നീ സ്പിന്നർമാരെ റിലീസ് ചെയ്തതോടെ മുംബൈക്ക് ഒരു ഫസ്റ്റ് ടീം ഇന്ത്യൻ സ്പിന്നറെ ടീമിലെത്തിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, മായങ്ക് മാർക്കണ്ഡെ ടീമിലെത്തിയതോടെ ഇതിനും പരിഹാരമാവുകയാണ്. മാർക്കണ്ഡെയ്ക്ക് ഒരു ബാക്കപ്പ് അടക്കം ഇനി കണ്ടെത്തണം.
ആന്ദ്രെ സിദ്ധാർത്ഥ്, രവി ബിഷ്ണോയ്, മോഹിത് റാഠി, കുമാർ കാർത്തികേയ, രാഹുൽ ചഹാർ തുടങ്ങിയ സ്പിന്നർമാരാണ് ലേലത്തിലെത്തുക. ഇവരിൽ നിന്ന് ഒരാളെങ്കിലും മുംബൈ ടീമിലെത്തിക്കും. ഒപ്പം, ഒരു ഇന്ത്യൻ ഓൾറൗണ്ടറെയും മുംബൈ പരിഗണിച്ചേക്കും.