IPL 2026: ചെന്നൈയുടെ ഫൈനൽ ഇലവൻ വിസ്ഫോടനാത്മകം; പിടിച്ചുകെട്ടാൻ മറ്റ് ടീമുകൾ ബുദ്ധിമുട്ടും
CSK Strongest Final XI For IPl 2026: വരുന്ന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഫൈനൽ ഇലവൻ മറ്റ് ടീമുകൾ ആശങ്കയോടെയാവും കാണുക. അത്ര കരുത്തുറ്റ ടീമിനെയാണ് ചെന്നൈ ഒരുക്കിയിരിക്കുന്നത്.
വരുന്ന ഐപിഎൽ സീസണിൽ മറ്റ് ടീമുകൾക്ക് ഏറ്റവുമധികം പണി കൊടുക്കാൻ പോകുന്ന ഒരു ടീം ആയിരിക്കും ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ചപ്പോൾ ചെന്നൈ ചുരുങ്ങിയത് 8 കോടി രൂപയെങ്കിലുമാണ്. ലേലത്തിൽ പോയിരുന്നെങ്കിൽ സഞ്ജുവിന് അനായാസം 25 കോടിയെങ്കിലും ലഭിച്ചേനെ. ഇവിടെ പണം ലാഭിച്ചതിനാൽ ആ പണം ലേലത്തിൽ ഇൻവെസ്റ്റ് ചെയ്ത് ഒരു ഗംഭീര ടീമിനെ അണിനിരത്താൻ ചെന്നൈക്ക് സാധിച്ചു.
കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, സർഫറാസ് ഖാൻ, മാത്യു ഷോർട്ട്, സകാരി ഫോക്സ്, അമൻ ഖാൻ, മാറ്റ് ഹെൻറി, അകീൽ ഹുസൈൻ, രാഹുൽ ചഹാർ എന്നിവരെയാണ് ചെന്നൈ ലേലത്തിൽ ടീമിലെത്തിച്ചത്. റിട്ടെയ്ൻ ചെയ്ത താരങ്ങൾ കൂടിയാകുമ്പോൾ ചെന്നൈ ഒരു കംപ്ലീറ്റ് ടി20 പാക്കേജാവുന്നു.
ആയുഷ് മാത്രെയും സഞ്ജു സാംസണും ചേർന്നാവും ഓപ്പണിങ്. മൂന്നാം നമ്പറിൽ ഋതുരാജ് ഗെയ്ക്വാദും നാലാം നമ്പറിൽ ഡെവാൾഡ് ബ്രെവിസും. ബ്രെവിസിനെ അഞ്ചാം നമ്പരിലേക്ക് മാറ്റി സർഫറാസിനെ നാലാം നമ്പരിൽ പരീക്ഷിക്കാം. തിരിച്ചും ആവാം. സർഫറാസിന് പകരം അഞ്ചാം നമ്പരിൽ കാർത്തിക് ശർമ്മ, ജേമി ഓവർട്ടൺ, പ്രശാന്ത് വീർ തുടങ്ങിയവരെയും പരീക്ഷിക്കാം. ആറാം നമ്പരിൽ ശിവം ദുബെ, ഏഴാം നമ്പരിൽ എംഎസ് ധോണി, എട്ടാം നമ്പരിൽ രാഹുൽ ചഹാർ/ശ്രേയാസ് ഗോപാൽ അല്ലെങ്കിൽ അൻഷുൽ കംബോജ്, പിന്നീട് നൂർ അഹ്മദ്, നഥാൻ എല്ലിസ്, ഖലീൽ അഹ്മദ് എന്നിങ്ങനെയാവും ഫൈനൽ ഇലവൻ.
ഈ ഇലവനിൽ 10 ആം നമ്പർ വരെയാണ് ബാറ്റിംഗ് ഓപ്ഷൻ. നൂർ അഹ്മദ്, നഥാൻ എല്ലിസ്, ഡെവാൾഡ് ബ്രെവിസ് എന്നിങ്ങനെ മൂന്ന് വിദേശികളാണ് ഫൈനൽ ഇലവനിൽ ഉറപ്പുള്ളത്. ഹെൻറി, അകീൽ, ഓവർട്ടൺ, മാത്യു ഷോർട്ട്, സകാരി ഫോക്സ് എന്നിങ്ങനെ മറ്റ് വിദേശതാരങ്ങളുമുണ്ട്.