Punjab Kings: ഫീല്‍ഡര്‍മാര്‍ക്ക് ഓട്ടക്കൈ; തോല്‍വി ഇരന്നുവാങ്ങി പഞ്ചാബ്; പോണ്ടിങ് കലിപ്പില്‍
Punjab Kings Fielding Woes: ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം പഞ്ചാബ് കിങ്‌സിന് തലവേദനയാകുന്നു. എളുപ്പമായ ക്യാച്ചുകള്‍ പോലും പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തുന്നത് പതിവു കാഴ്ചയായി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് ക്യാച്ചുകളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. പഞ്ചാബ് തോല്‍വി ഇരന്നുവാങ്ങി.
IPL 2026, 7-5-2026: ടീമെന്ന നിലയില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം പഞ്ചാബ് കിങ്‌സിന് തലവേദനയാകുന്നു. വളരെ എളുപ്പമായ ക്യാച്ചുകള്‍ പോലും പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തുന്നത് പതിവു കാഴ്ചയായി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തില്‍ മൂന്ന് ക്യാച്ചുകളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡര്‍മാരുടെ ‘ഓട്ടക്കൈ’ ആണ് പഞ്ചാബ് തോല്‍വി ഇരന്നുവാങ്ങാന്‍ കാരണം. ശശാങ്ക് സിങ്, കൂപ്പര്‍ കോണോലി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് അനായാസമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത്.
ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ ഇഷാൻ കിഷന്‍ നല്‍കിയ ഒരു ‘ഈസി ചാന്‍സ്’ ആണ് കോണോലി നഷ്ടപ്പെടുത്തിയത്.ഈ സമയം വെറും ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു കിഷന്‍ നേടിയത്. 18 റണ്‍സില്‍ വെച്ച് കിഷന്‍ വീണ്ടും നല്‍കിയ അവസരം മിഡ്-വിക്കറ്റിൽ ലോക്കി ഫെര്‍ഗൂസണും നഷ്ടപ്പെടുത്തി.




പിന്നീട് തകര്‍ത്തടിച്ച കിഷന്‍ 32 പന്തില്‍ 55 റണ്‍സ് നേടി. സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോററായിരുന്ന ഹെയിന്റിച്ച് ക്ലാസനെ വെറും 13 റണ്‍സിന് പുറത്താക്കാനുള്ള അവസരം ശശാങ്ക് സിങും നഷ്ടപ്പെടുത്തി. ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലാണ് ശശാങ്ക് ക്യാച്ച് താഴെയിട്ടത്. ഈ അവസരം മുതലാക്കിയ ക്ലാസന്‍ 43 പന്തില്‍ 69 റണ്‍സെടുത്താണ് മടങ്ങിയത്.
Also Read: IPL 2026 Final: ഐപിഎല്‍ ഫൈനല്‍ ബെംഗളൂരുവില്‍ നടക്കില്ല; പുതിയ വേദി പ്രഖ്യാപിച്ചു
പോണ്ടിങ് കലിപ്പില്‍
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ് അതൃപ്തിയിലാണ്. ലൈവ് ടിവിയില്‍ സംസാരിക്കുന്നതിനിടെ പോണ്ടിങ് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, സംയമനം പാലിച്ചു. മൈക്രോഫോണ്‍ എടുത്തെറിയാന്‍ തോന്നുന്നുവെന്നാണ് മൂന്നാമത്തെ ക്യാച്ചും നഷ്ടപ്പെടുത്തിയപ്പോള്‍ പോണ്ടിങ് പറഞ്ഞത്. ഇതുകൂടാതെ കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ് ഒരു സ്റ്റിമ്പിങിനുള്ള അവസരവും നഷ്ടപ്പെടുത്തിയിരുന്നു.
ഇത്രയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ഒരു ഒഴികഴിവും പറയാനാകില്ലെന്നും പോണ്ടിങ് തുറന്നടിച്ചു. സത്യം പറഞ്ഞാൽ, ഇത് ഒരു വൈറസ് പോലെയാണ്. ഈ സീസണിൽ ഇതുവരെ ധാരാളം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയെന്നും റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ക്യാച്ചുകള്‍ കളയുന്നു
What’s happening out there? 😲
🎥 Cooper Connolly, Shashank Singh and Lockie Ferguson drop crucial chances 🫣
How costly will these be? 👇
Updates ▶️ https://t.co/8L0gAuxW78#TATAIPL | #KhelBindaas | #SRHvPBKS pic.twitter.com/dgru0kHkir
— IndianPremierLeague (@IPL) May 6, 2026
ക്യാച്ചസ് വിന്‍ മാച്ചസ്
‘ക്യാച്ചസ് വിന്‍ മാച്ചസ്’ എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നു 16 ക്യാച്ചുകളാണ് പിബികെഎസ് നഷ്ടപ്പെടുത്തിയത്. വെറും 71.43 ശതമാനമാണ് അവരുടെ ‘ക്യാച്ച് എഫിഷ്യന്‍സി’. ശശാങ്ക് സിങാണ് കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ച് ക്യാച്ചുകളാണ് ശശാങ്ക് നഷ്ടപ്പെടുത്തിയത്.
സണ്‍റൈസേഴ്‌സിനെതിരെ സംഭവിച്ചത്
സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് പഞ്ചാബ് കിങ്‌സ് ബുധനാഴ്ച വഴങ്ങിയത്. ആദ്യ ഏഴു മത്സരങ്ങളില്‍ അപരാജിതരായി കുതിപ്പ് നടത്തിയതിന് ശേഷമാണ് ടീം തുടര്‍ച്ചയായി നിരാശപ്പെടുത്തിയത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 33 റണ്‍സിനായിരുന്നു തോല്‍വി. ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാലു വിക്കറ്റിന് 235 റണ്‍സെടുത്തു. പഞ്ചാബിന്റെ പോരാട്ടം ഏഴു വിക്കറ്റിന് 202 എന്ന നിലയില്‍ അവസാനിച്ചു.
English Summary
Punjab Kings suffered a setback in IPL 2026 as their fielders dropped catches. PBKS fielders dropped three catches in the match against SRH. This also led to their defeat. PBKS players dropped 16 catches in 10 matches.