RR vs LSG: ടോപ് ഓര്‍ഡര്‍മാരുടെ വിളയാട്ടം; ലഖ്‌നൗവിനെതിരെ രാജസ്ഥാന് ‘റോയല്‍’ ജയം
Rajasthan Royals vs Lucknow Super Giants: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് കൂറ്റന്‍ സ്‌കോര്‍ അനായാസം മറികടക്കാന്‍ രാജസ്ഥാനെ സഹായിച്ചത്.

Rajasthan Royals vs Lucknow Super Giants
ജയ്പുര്‍: നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് കൂറ്റന്‍ സ്‌കോര്‍ അനായാസം മറികടക്കാന്‍ രാജസ്ഥാനെ സഹായിച്ചത്. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ റോയല്‍സ് സജീവമാക്കി. ലഖ്‌നൗ നേരത്തെ തന്നെ പുറത്തായിരുന്നു. സ്‌കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 220, രാജസ്ഥാന്‍ റോയല്‍സ് 19.1 ഓവറില്‍ മൂന്നു വിക്കറ്റിന് 225.
ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും, വൈഭവ് സൂര്യവംശിയും തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. 23 പന്തില്‍ 43 റണ്‍സെടുത്ത ജയ്‌സ്വാളിനെ ആകാശ് സിങ് പുറത്താക്കുകയായിരുന്നു. ജയ്‌സ്വാള്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ബോര്‍ഡില്‍ 75 റണ്‍സുണ്ടായിരുന്നു.
രണ്ടാം വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും, ധ്രുവ് ജൂറലും പടുത്തുയര്‍ത്തിയ 105 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രാജസ്ഥാന് വിജയമുറപ്പിച്ചു. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വൈഭവിനെ പുറത്താക്കി മൊഹ്‌സിന്‍ ഖാനാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 38 പന്തില്‍ 10 സിക്‌സുകളുടെയും, ഏഴു ഫോറുകളുടെയും അകമ്പടിയോടെ 93 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്.
വൈഭവിന് ശേഷം ക്രീസിലെത്തിയ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ നിരാശപ്പെടുത്തിയത്. ആറു പന്തില്‍ ഏഴു റണ്‍സെടുത്ത പ്രിട്ടോറിയസ് റണ്ണൗട്ടാവുകയായിരുന്നു. 38 പന്തില്‍ 53 റണ്‍സുമായി ധ്രുവ് ജൂറലും, 10 പന്തില്‍ ആറു റണ്‍സുമായി ഡൊനോവന്‍ ഫെരേരയും പുറത്താകാതെ നിന്നു.
തകര്‍ത്തടിച്ച് മാര്‍ഷ്
57 പന്തില്‍ 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ ബാറ്റിങാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും 109 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കെട്ടിപൊക്കിയത്. 29 പന്തില്‍ 60 റണ്‍സായിരുന്നു ഇംഗ്ലിസിന്റെ സംഭാവന. ഇംഗ്ലിസിനെ യാഷ് പുഞ്ച ക്ലീന്‍ ബൗള്‍ഡാക്കി. മാര്‍ഷ് റണ്ണൗട്ടാവുകയായിരുന്നു.
വണ്‍ ഡൗണായി ക്രീസിലെത്തിയ നിക്കോളാസ് പുരന്‍ 11 പന്തില്‍ 17 റണ്‍ലസുമായി മടങ്ങി. യാഷാണ് പുരനെയും വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 23 പന്തില്‍ 35 റണ്‍സുമായി റണ്ണൗട്ടായി. ആയുഷ് ബദോനി ജോഫ്ര ആര്‍ച്ചര്‍ ഗോള്‍ഡന്‍ ഡക്കാക്കി.
നാലാം സ്ഥാനത്ത് റോയല്‍സ്
ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളില്‍ നാലാമതെത്തി. 13 മത്സരങ്ങളില്‍ നിന്ന് ഏഴു വിജയം നേടിയ റോയല്‍സിന് 14 പോയിന്റുണ്ട്. പ്ലേ ഓഫിന് തൊട്ടരികിലെത്തിയ റോയല്‍സിന് അടുത്ത മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ അവസാന നാലിലെത്താം. ഏറ്റവും അവസാന സ്ഥാനത്തുള്ള ലഖ്‌നൗവിന് ഇതുവരെ നാലു വിജയം മാത്രമാണ് സ്വന്തമാക്കാനായത്. എട്ട് പോയിന്റ് നേടി.
ഇരുടീമുകള്‍ക്കും ഇനി ലീഗ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. മെയ് 24-ന് നടക്കുന്ന മത്സരത്തില്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 23-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഈ സീസണിലെ ലഖ്‌നൗവിന്റെ അവസാന മത്സരം.
English Summary
Rajasthan Royals defeated Lucknow Super Giants by seven wickets to keep their playoff hopes alive. Chasing a huge target of 221 runs, Rajasthan reached the mark in 19.1 overs. Vaibhav Sooryavanshi starred for Rajasthan with a brilliant 93 runs off just 38 balls. Earlier, Mitchell Marsh scored 96 runs to help Lucknow post a strong total of 220.