IPL 2026 Retention: ലക്ഷ്യം 2026 ടി20 ലോകകപ്പ് ടീം; പ്രചോദനം ശുഭ്മൻ ഗിൽ: കെഎൽ രാഹുൽ ടീം മാറിയേക്കും
KL Rahul To Leave DC: ലേലത്തിൽ ഭാഗ്യപരീക്ഷണം നടത്താനൊരുങ്ങി കെഎൽ രാഹുൽ. തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് താരം ഡൽഹി ക്യാപിറ്റൽസിനോട് ആവശ്യപ്പെട്ടതായാണ് സൂചനകൾ.

കെഎൽ രാഹുൽ
തന്നെ ഡൽഹി ക്യാപിറ്റൽസിൽ നിന്ന് റിലീസ് ചെയ്യണമെന്ന് കെഎൽ രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അടുത്ത വർഷത്തെ ടി20 ലോകകപ്പ് കളിക്കാൻ താരത്തിന് താത്പര്യമുണ്ടെന്നും അതിനായി മറ്റൊരു ടീമിൽ കളിക്കാൻ രാഹുൽ താത്പര്യപ്പെടുന്നു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022 നവംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് കെഎൽ രാഹുൽ അവസാനമായി ടി20 കളിച്ചത്. അതിന് ശേഷം ഇന്ത്യൻ ടി20 ടീം ശൈലിമാറ്റിയതോടെ താരത്തിന് ഇടം നഷ്ടമായി. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിക്കുക എന്നതാണ് ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ ശൈലി. കുറച്ചുകൂടി സാവധാനത്തിൽ കളിക്കുന്ന രാഹുൽ ഇതോടെ ടീമിൽ നിന്ന് പുറത്തായി. പകരമെത്തിയ സഞ്ജു സാംസണും അഭിഷേക് ശർമ്മയും പുതിയ ശൈലി വളരെ വേഗത്തിൽ നടപ്പാക്കി. റെക്കോർഡുകൾ കടപുഴകി. എന്നാൽ, സഞ്ജുവിന് പകരം തൻ്റെ അതേ ശൈലിയിൽ കളിക്കുന്ന ശുഭ്മൻ ഗില്ലിനെ ടി20 വൈസ് ക്യാപ്റ്റനാക്കിയ ബിസിസിഐയുടെ നീക്കം രാഹുലിന് പ്രചോദനമായെന്നാണ് സൂചനകൾ. ഇതോടെയാണ് താരം ഡൽഹി വിടാൻ താത്പര്യം കാണിച്ചത്.
Also Read: India vs Australia: അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്
2022 മുതൽ 2024 വരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിൽ കളിച്ച രാഹുൽ കഴിഞ്ഞ സീസണിലാണ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ സീസണിൽ 14 കോടി രൂപയ്ക്ക് ടീമിലെത്തിയ താരം മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും സഹിതം 539 റൺസാണ് താരം സീസണിൽ നേടിയത്.
ഐപിഎൽ റിട്ടൻഷൻ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. സഞ്ജു സാംസൺ ആണ് റിട്ടൻഷൻ പട്ടികയിലെ ഹോട്ട് ടോപ്പിക്. താരം രാജസ്ഥാൻ റോയൽസ് വിടുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് അടക്കം പല ടീമുകൾക്കും താരത്തിൽ താത്പര്യമുണ്ടെന്നും സൂചനകളുണ്ട്.