IPL Retention Date and Time: ഐപിഎൽ റിട്ടൻഷൻ പട്ടിക പുറത്തുവരിക നവംബർ 15ന്; എല്ലാ കണ്ണുകളും സഞ്ജുവിൽ
IPL Retention List And Live Coverage: ഐപിഎൽ റിട്ടൻഷൻ പട്ടിക നവംബർ 15ന് പുറത്തുവരും. വൈകുന്നേരം അഞ്ച് മണി മുതലാണ് ലൈവ് കവറേജ്.
ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് റിട്ടൻഷൻ ലിസ്റ്റ് തീരുമാനിക്കേണ്ട അവസാന ദിവസം നവംബർ 15. നവംബർ 15ന് റിട്ടൻഷൻ പട്ടിക പുറത്തുവരും. ഇക്കാര്യം ഐപിഎൽ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ റിട്ടൻഷൻ തത്സമയം കാണാം.
പല പ്രമുഖ താരങ്ങളെയും അതാത് ഫ്രാഞ്ചൈസികൾ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ആന്ദ്രേ റസൽ, ഡെവോൺ കോൺവേ, വനിന്ദു ഹസരങ്ക, ദീപക് ചഹാർ, വെങ്കടേഷ് അയ്യർ, കെഎൽ രാഹുൽ തുടങ്ങി പല പ്രമുഖരും ലേലത്തിലെത്തിയേക്കും. എന്നാൽ, സഞ്ജു സാംസൺ ലേലപ്പട്ടികയിലുണ്ടാവുമോ എന്നതാണ് ഐപിഎൽ പ്രേമികളുടെയും ഫ്രാഞ്ചൈസികളുടെയും ചോദ്യം.
ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ സഞ്ജു സാംസൺ ഉൾപ്പെട്ട ട്രേഡ് ഡീൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് സാം കറനെയും രവീന്ദ്ര ജഡേജയെയും രാജസ്ഥാൻ റോയൽസിന് നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ ഡീൽ ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ് എന്നും സൂചനകളുമുണ്ട്.
രാജസ്ഥാനിൽ വിദേശതാരങ്ങളുടെ സ്ലോട്ട് പൂർണമാണെന്നതാണ് പ്രതിസന്ധി. പരമാവധി എട്ട് വിദേശതാരങ്ങളെയാണ് ഐപിഎൽ ടീമിൽ ഉൾപ്പെടുത്താൻ കഴിയുക. രാജസ്ഥാനിൽ ഇപ്പോൾ തന്നെ എട്ട് താരങ്ങളുണ്ട്. അതിനാൽ സാം കറനെ ടീമിലെത്തിക്കാൻ കഴിയില്ല. ഷിംറോൺ ഹെട്മെയർ, ജോഫ്ര ആർച്ച, മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ഫസലുൽ ഹഖ് ഫറൂഖി, ക്വെന മഫാക്ക, നാന്ദ്രെ ബർഗർ, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നീ വിദേശതാരങ്ങളിൽ നിന്ന് ഹസരങ്കയെയും തീക്ഷണയെയും രാജസ്ഥാൻ റിലീസ് ചെയ്യും. ഇതോടെ കറനെ ടീമിലെത്തിക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ, ഇത് നവംബർ 15ന് ശേഷമേ നടക്കൂ.