IPL Trade Rumors: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ; പിന്നിൽ രാജസ്ഥാനിലേക്കുള്ള ട്രേഡ് എന്ന് അഭ്യൂഹം
Ravindra Jadeja Deletes Instagram: രവീന്ദ്ര ജഡേജ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കിയെന്ന് അഭ്യൂഹങ്ങൾ. രാജസ്ഥാനിലേക്കുള്ള ട്രേഡ് ഡീലിൻ്റെ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് താരത്തിൻ്റെ നീക്കം.

രവീന്ദ്ര ജഡേജ
ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം. സഞ്ജു സാംസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിൻ്റെ അക്കൗണ്ട് അപ്രത്യക്ഷമായത്. രാജസ്ഥാനിലേക്കുള്ള ട്രേഡിൽ വിഷമിച്ച് ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോൾ പ്രൊഫൈൽ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഇതോടെയാണ് താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാവാമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സഞ്ജുവിനെ ചെന്നൈയിലെത്തിച്ച് പകരം രാജസ്ഥാൻ റോയൽസിന് ജഡേജയെയും സാം കറനെയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡീൽ ഏറെക്കുറെ ഉറപ്പാണണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്.
Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലെത്തി; ഔദ്യോഗിക അറിയിപ്പ് ഉടൻ: സ്ഥിരീകരിച്ച് അശ്വിൻ
ജഡേജയ്ക്കൊപ്പം ചെന്നൈയുടെ ശ്രീലങ്കൻ യുവ പേസർ മതീഷ പതിരനയും ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്. കറന് പകരം പതിരന രാജസ്ഥാനിലെത്തുമോ എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
രാജസ്ഥാൻ റോയൽസ് മുൻ താരമായ ആർ അശ്വിനും ഫിറ്റ്നസ് ട്രെയിനർ എടി രാജാമണിയുമാണ് സഞ്ജു ചെന്നൈയിൽ എത്തിയെന്ന സൂചന പുറത്തുവിട്ടത്. സഞ്ജുവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇരുവർക്കും ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുമായും ബന്ധമുണ്ട്.
തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ അശ്വിൻ ഇക്കാര്യം പങ്കുവച്ചു. കുറച്ച് മാസങ്ങൾക്ക് മുൻപ് തൻ്റെ യൂട്യൂബ് ചാനലിന് വേണ്ടി അശ്വിൻ സഞ്ജുവിനെ അഭിമുഖം നടത്തിയിരുന്നു. ഇതിനിടെ ചെന്നൈയിലേക്കുള്ള ട്രേഡ് ഡീലിനെപ്പറ്റിയും അശ്വിൻ സംസാരിച്ചു. ഈ ഭാഗമാണ് അശ്വിൻ തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് രാജാമണി രംഗത്തുവന്നത്. സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിൻ്റെ സൂചന.