AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jemimah Rodrigues: ഒടുവില്‍ അര്‍ഹിച്ച കയ്യടികള്‍ ജെമിമയെയും തേടിയെത്തി, ഇത് ഇന്ത്യയുടെ നാരിശക്തി

Jemimah Rodrigues the underrated player: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ജെമിമ റോഡ്രിഗസ് എപ്പോഴും അണ്ടര്‍റേറ്റഡാണ്. ഇപ്പോള്‍ ലഭിക്കുന്ന കയ്യടികള്‍ താരത്തിന് വളരെ നേരത്തെ തന്നെ ലഭിക്കേണ്ടതായിരുന്നു. ജെമിമയുടെ മനസാന്നിധ്യമാണ് ഓസീസിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തായത്‌

Jemimah Rodrigues: ഒടുവില്‍ അര്‍ഹിച്ച കയ്യടികള്‍ ജെമിമയെയും തേടിയെത്തി, ഇത് ഇന്ത്യയുടെ നാരിശക്തി
ജെമിമ റോഡ്രിഗസ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Oct 2025 | 08:10 AM

മുന്നിലുള്ളത് എത്ര വലിയ വിജയലക്ഷ്യമായാലും അനാവശ്യമായി സിക്‌സറുകള്‍ കണ്ടെത്താനുള്ള വെമ്പലോ, അമിത വെപ്രാളത്തോടെയുള്ള ബാറ്റിങോ ആവശ്യമില്ലെന്ന്‌ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് ജെമിമ റോഡ്രിഗസ് പഠിപ്പിച്ച് തുടങ്ങിയിട്ട് നാളേറെയായി. കൂറ്റന്‍ വിജയലക്ഷ്യം ഭേദിക്കാന്‍ കൃത്യമായി ഇടവേളകളില്‍ ഗ്യാപുകള്‍ കണ്ടെത്തി ഫോറുകള്‍ അടിച്ചുകൂട്ടാനുള്ള പ്രാപ്തിയും, ‘റണ്ണിങ് ബിറ്റ്‌വീന്‍ വിക്കറ്റി’നുള്ള മികവും ആവോളം മതിയെന്ന് പല തവണ തെളിയിച്ച താരമാണ് ജെമിമ. എന്നാല്‍ കളിമികവ് ഏറെയുണ്ടായിട്ടും അര്‍ഹിച്ച കയ്യടികള്‍ ഇത്രയും നാളും ജെമിമയ്ക്ക് കിട്ടിയിരുന്നില്ല.

സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ പോലുള്ള വന്‍മരങ്ങള്‍ക്കിടയില്‍ ഒരു നിഴല്‍ മാത്രമായി ഈ 25കാരി ഇത്രയും നാള്‍ എങ്ങനെയോ ഒതുക്കപ്പെട്ടിരുന്നു. എന്നാല്‍ എത്രത്തോളം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സൂര്യപ്രഭ മറനീക്കി പുറത്തെത്തുമെന്ന് പറയുംപോലെ ജെമിമയ്ക്കും അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിച്ചുതുടങ്ങി. അതിന് വനിതാ ഏകദിന ലോകകപ്പിലെ ഓസീസിനെതിരായ സെമി ഫൈനല്‍ പോരാട്ടം വരെ കാത്തിരിക്കേണ്ടി വന്നെന്ന് മാത്രം.

സ്വപ്‌നഫൈനലിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 339 റണ്‍സ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്ത്. സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ വണ്‍ ഡൗണായി ജെമിമ ക്രീസിലേക്ക്. പത്താം ഓവറില്‍ സ്മൃതി മന്ദാന പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. സ്‌കോര്‍ രണ്ടിന് 59. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം ജെമിമ പോരാടി, ഇന്ത്യയെ വിജയത്തിലെത്തിക്കും വരെ.

മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിലപ്പെട്ട 167 റണ്‍സാണ്. ഒടുവില്‍ 89 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് പുറത്ത്. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും ജെമിമ കുലുങ്ങിയില്ല. മനസാന്നിധ്യത്തോടെ മുന്നേറി. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി. ‘റണ്ണിങ് ബിറ്റ്‌വീന്‍ വിക്കറ്റ്’ എന്ന വജ്രായുധം വിജയകരമായി പലതവണ നടപ്പിലാക്കി.

പുറത്താകാതെ 134 പന്തില്‍ 127 റണ്‍സാണ് ജെമിമ നേടിയത്. ഒരു സിക്‌സ് പോലുമില്ല. സ്മൃതിയെയോ പോലെയോ, റിച്ച ഘോഷിനെ പോലെയോ അനായാസം സിക്‌സുകള്‍ കണ്ടെത്താന്‍ ജെമിമയ്ക്ക് സാധിച്ചെന്ന് വരില്ല. പക്ഷേ, അനായാസം ഫോറുകള്‍ കണ്ടെത്താന്‍ ജെമിമയോളം മികവുള്ള ഒരു വനിതാ ക്രിക്കറ്റര്‍ ഇന്നുണ്ടോയെന്ന് സംശയമാണ്. ലക്ഷ്യത്തിലേക്ക് കൃത്യമായി വില്ലു കുലയ്ക്കുന്ന അര്‍ജുനനെ പോലെയാണ് ജെമിമ. ഫീല്‍ഡര്‍മാരെ കബളിപ്പിച്ച് അനായാസം ഫോറുകള്‍ കണ്ടെത്തും. സിക്‌സുകളുടെ പിന്‍ബലമില്ലെങ്കിലും സ്‌ട്രൈക്ക് റേറ്റ് കുറയാറുമില്ല.

Also Read: Women’s World Cup 2025 : മൈറ്റി ഓസീസോ, അതൊക്കെ ജമീമ തീർത്തൂ; ഇന്ത്യ വനിത ലോകകപ്പ് ഫൈനലിൽ

വനിതാ ക്രിക്കറ്റിലെ ‘സഞ്ജു സാംസണ്‍’

വണ്‍ ഡൗണായി കളിക്കാന്‍ ജെമിമയെക്കാളും നല്ല ഓപ്ഷന്‍ ഇന്നില്ല. എന്നാല്‍ ടി20യില്‍ സഞ്ജു സാംസണെ ബാറ്റിങ് പൊസിഷനില്‍ എങ്ങനെയാണോ അമ്മാമാടുന്നത്, അതുപോലെയാണ് വനിതാ ക്രിക്കറ്റില്‍ ജെമിമയുടെ കാര്യവും. ഇന്നു കാണുന്ന പൊസിഷനില്‍ നാളെ കണ്ടെന്നുവരില്ല. പക്ഷേ, എവിടെ ഇറക്കിയാലും കിട്ടുന്ന റോള്‍ ജെമിമ ഭംഗിയാക്കും. അത് ജെമിമ നല്‍കുന്ന ഉറപ്പാണ്. പക്ഷേ മൂന്നാം നമ്പറാണ് ഏറ്റവും അനുയോജ്യം. ന്യൂസിലന്‍ഡിനെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ മൂന്നാമതായി എത്തിയ താരം പുറത്താകാതെ 55 പന്തില്‍ 76 റണ്‍സ് നേടിയിരുന്നു.

ഓള്‍ റൗണ്ടര്‍, പക്ഷേ

മികച്ച ഒരു ഓള്‍ റൗണ്ടറാണ് ജെമിമ. പാര്‍ട്ട് ടൈം ബൗളറായി പ്രയോജനപ്പെടുത്താവുന്ന താരം. ഫീല്‍ഡിങിലും ജെമിമ ഒരു വിസ്മയമാണ്‌. 2023ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഒരു മത്സരത്തില്‍ മൂന്ന് റണ്‍സിന് നാല് വിക്കറ്റുകളാണ് ജെമിമ പിഴുതത്. എന്നാല്‍ പിന്നീട് ജെമിമയെ ബൗളിങ് റോളില്‍ അധികം കണ്ടിട്ടില്ല. ജെമിമയിലെ ബൗളിങ് മികവ് പ്രയോജനപ്പെടുത്താതെ നശിപ്പിക്കുന്നുവെന്ന് വേണം കരുതാന്‍.