Kerala Cricket: കേരള ടീം ഒമാൻ ദേശീയ ടീമിനെതിരെ കളിക്കും; ക്യാപ്റ്റനായി സാലി സാംസൺ
Kerala To Play Against Oman: ഒമാനെതിരെ ടി20 പരമ്പര കളിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് ടീം. ഇക്കാര്യം വിവിധ കെസിഎൽ ഫ്രാഞ്ചൈസികൾ സ്ഥിരീകരിച്ചു.
ആഭ്യന്തര സീസണുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കേരള ക്രിക്കറ്റ് ടീം. ടി20 പരമ്പരയ്ക്കായി കേരള ടീം ഒമാനിലേക്ക് പോവുകയാണ്. ഒമാൻ ദേശീയ ടീമിനെതിരെ കേരള ടീം ടി20 മത്സരങ്ങൾ കളിക്കും. ഇക്കാര്യം വിവിധ കെസിഎൽ ഫ്രാഞ്ചൈസികൾ ഔദ്യോഗികമായി അറിയിച്ചു.
സാലി വി സാംസൺ ആണ് കേരള ടീമിനെ നയിക്കുക. ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കന്നിക്കിരീടത്തിലേക്ക് നയിച്ച താരമാണ് സാലി വി സാംസൺ. ഏറെനാൾ പരിക്ക് മൂലം പുറത്തിരുന്ന സാലി തൻ്റെ കരിയർ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ കേരള ടീമിൻ്റെ ക്യാപ്റ്റാവുക എന്നത് സാലി സാംസണിൻ്റെ കരിയറിൽ വളരെ നിർണായകമാവും. ഇന്ത്യൻ താരം സഞ്ജു സാംസണിൻ്റെ സഹോദരനാണ് സാലി സാംസൺ.
Also Read: Sanju Samson: അടുത്ത മത്സരത്തിലും പ്രതീക്ഷയില്ല, ബാറ്റിങിനായി സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും
സഞ്ജു സാംസൺ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയ മുതിർന്ന താരങ്ങൾ ടീമിലില്ല. രോഹൻ കുന്നുമ്മലും ടീമിൽ ഇടം നേടിയില്ല. അതേസമയം കെഎം ആസിഫ്, അജിനാസ് എം, അഖിൽ സ്കറിയ, വിഷ്ണു വിനോദ്, സിജോമോൻ പിഎസ്, അബ്ദുൽ ബാസിത്ത്, കൃഷ്ണപ്രസാദ്, വിനൂപ് മനോഹരൻ, അൻഫൽ പള്ളം തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം പിടിച്ചു. അർജുൻ എകെ, അജയഘോഷ് എൻ, മുഹമ്മദ് ആഷിഖ്, ജെറിൻ പിഎസ്, സിബിൻ പി, കൃഷ്ണ ദേവൻ തുടങ്ങിയ പുതുമുഖങ്ങളും ടീമിലുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലും കേരള ടീം ഒമാൻ ടൂർ നടത്തിയിരുന്നു. ഒമാനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിച്ച കേരള ടീം മികച്ച പ്രകടനങ്ങളും നടത്തി. ഒരു കളി ഉപേക്ഷിച്ച പരമ്പരയിൽ ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു. ഇത്തവണത്തെ ഒമാൻ പര്യടനം എന്ന് മുതലാണെന്നതിൽ വ്യക്തതയില്ല.