Lee Fortis: ‘ഞാന്‍ വില്ലനല്ലായിരുന്നു, എന്നെ അങ്ങനെയാക്കി’; ഓവലിലെ വിവാദ ക്യുറേറ്ററുടെ തുറന്നുപറച്ചില്‍
Lee Fortis says he was never a villain: ഗംഭീര്‍ അടക്കമുള്ളവര്‍ പിച്ചില്‍ കയറി നിന്നതാണ് ഫോര്‍ട്ടിസിനെ പ്രകോപിപ്പിച്ചത്. പിച്ചില്‍ നിന്ന് മാറിനില്‍ക്കാന്‍ ക്യുറേറ്റര്‍ ആവശ്യപ്പെട്ടത് ഗംഭീറിനും ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ പഠിപ്പിക്കേണ്ടയെന്നും, വെറുമൊരു ഗ്രൗണ്ട് സ്റ്റാഫ് മാത്രമാണെന്നും പറഞ്ഞ് ഗംഭീര്‍ തിരിച്ചടിച്ചു

ലീ ഫോർട്ടിസ്
സംഭവബഹുലമായിരുന്നു ഓവല്‍ ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ ലീഡ് നഷ്ടപ്പെട്ടിട്ടും ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയ മത്സരം. ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. എന്നാല്‍ മത്സരഫലം കൊണ്ട് മാത്രമല്ല ഓവലിലെ പോരാട്ടം ചര്‍ച്ചകളില്‍ ഇടം നേടിയത്. ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ നടന്ന ചൂടേറിയ വാഗ്വാദവും ഓവലിലെ മത്സരത്തിന് ചൂടുപിടിപ്പിച്ചു.
ഗംഭീര്‍ അടക്കമുള്ളവര്‍ പിച്ചില്‍ കയറി നിന്നതാണ് ഫോര്‍ട്ടിസിനെ പ്രകോപിപ്പിച്ചത്. പിച്ചില്‍ നിന്ന് മാറിനില്‍ക്കാന്‍ ക്യുറേറ്റര്‍ ആവശ്യപ്പെട്ടത് ഗംഭീറിനും ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ പഠിപ്പിക്കേണ്ടയെന്നും, വെറുമൊരു ഗ്രൗണ്ട് സ്റ്റാഫ് മാത്രമാണെന്നും പറഞ്ഞ് ഗംഭീര്‍ തിരിച്ചടിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കലം പിച്ചില്‍ നിന്ന് സംസാരിച്ചിട്ടും ക്യുറേറ്റര്‍ എതിര്‍ത്തിരുന്നില്ല. ഫോര്‍ട്ടിസിന്റെ നിലപാടിലെ ഇരട്ടത്താപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ, വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലീ ഫോര്‍ട്ടിസ്.
താന്‍ ഒരിക്കലും വില്ലനായിരുന്നില്ലെന്നും, തന്നെ അങ്ങനെയാക്കി കാണിക്കുകയായിരുന്നുവെന്നും ഫോര്‍ട്ടിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അത് എല്ലാവരും ആസ്വദിച്ചെന്ന് പ്രതീക്ഷിക്കുന്നു. മത്സരാന്തരീക്ഷം ഐപിഎല്‍ പോലെയായിരുന്നു. അതിശയിപ്പിക്കുന്ന മത്സരമായിരുന്നു അതെന്നും ക്യുറേറ്റര്‍ പ്രതികരിച്ചു.
ഓവലില്‍ നേടിയ അതിശയിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സും, ഇംഗ്ലണ്ട് 247 റണ്‍സും നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സ് നേടി. 374 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ആതിഥേയര്‍ 374 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും, നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുമാണ് ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയത്.