PBKS vs MI: പഞ്ചാബിന്റെ വഴിമുടക്കി തിലകും ജാക്ക്‌സും; മുംബൈയ്ക്ക് കിടിലോസ്‌കി ജയം
Mumbai Indians vs Punjab Kings Match Result: ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനു തോല്‍പിച്ചു. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് വിജയം. പുറത്താകാതെ 33 പന്തില്‍ 75 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

തിലക് വര്‍മ
ധരംശാല: പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, പോകുന്ന പോക്കില്‍ പഞ്ചാബ് കിങ്‌സിന് എട്ടിന്റെ പണി കൊടുത്ത് മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബിനെ ആറു വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. 201 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കി നില്‍ക്കെ മറികടന്നു. പുറത്താകാതെ 33 പന്തില്‍ 75 റണ്‍സെടുത്ത തിലക് വര്‍മയാണ് പഞ്ചാബിന് പ്രഹരമേല്‍പ്പിച്ചത്. പഞ്ചാബ് വഴങ്ങുന്ന തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ആദ്യ ഏഴു മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ശേഷമാണ് പഞ്ചാബ് അപ്രതീക്ഷിതമായി കിതച്ചത്.
മുംബൈയുടെ ചേസിങ്
തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും, റിയാന്‍ റിക്കല്‍ട്ടണും മുംബൈയ്ക്ക് നല്‍കിയത്. റിക്കല്‍ട്ടണ്‍ തകര്‍ത്തടിച്ചപ്പോള്‍, കരുതലോടെയായിരുന്നു രോഹിതിന്റെ ബാറ്റിങ്. രോഹിത്-റിക്കല്‍ട്ടണ്‍ കൂട്ടുക്കെട്ട് മുംബൈയ്ക്ക് 6.3 ഓവറില്‍ 61 റണ്‍സാണ് സമ്മാനിച്ചത്. 23 പന്തില്‍ 48 റണ്‍സെടുത്ത റിക്കല്‍ട്ടണെ പുറത്താക്കി അസ്മത്തുല്ല ഒമര്‍സായിയാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
വണ്‍ ഡൗണായെത്തിയ നമന്‍ ധിര്‍ ആറു പന്തില്‍ ഒമ്പത് റണ്‍സെടുത്ത് മടങ്ങി. മാര്‍ക്കോ യാന്‍സനാണ് ധിറിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ 26 പന്തില്‍ 25 റണ്‍സെടുത്ത രോഹിതിനെ യുസ്‌വേന്ദ്ര ചഹല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇതോടെ 9.3 ഓവറില്‍ മൂന്നു വിക്കറ്റിന് 88 എന്ന നിലയിലായി മുംബൈ. നാലാം വിക്കറ്റില്‍ തിലക് വര്‍മ-ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് സഖ്യം നടത്തിയ ചെറുത്തുനില്‍പ് മുംബൈയ്ക്ക് ആശ്വാസം പകര്‍ന്നു.
Also Read: Vishnu Vinod: ഒടുവില്‍ വിഷ്ണു വിനോദിനും അവസരം; പഞ്ചാബിന് വേണ്ടി ‘ഇമ്പാക്ടു’ണ്ടാക്കി മലയാളം താരം
എന്നാല്‍ തിലക് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നെങ്കിലും, മന്ദഗതിയിലായിരുന്നു റുഥര്‍ഫോര്‍ഡിന്റെ ബാറ്റിങ്. പന്തില്‍ 20 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡ് പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ 21 മടങ്ങുമ്പോള്‍ നാലു വിക്കറ്റിന് 149 എന്ന നിലയിലായിരുന്നു മുംബൈ. തുടര്‍ന്ന് വില്‍ ജാക്ക്‌സ് ക്രീസിലെത്തിയതോടെ മുംബൈയുടെ സ്‌കോറിങ് വേഗത കുതിച്ചുയര്‍ന്നു. തിലകും ജാക്ക്‌സും തകര്‍ത്തടിച്ചതോടെ മുംബൈ വിജയലക്ഷ്യം മറികടന്നു. 10 പന്തില്‍ 25 റണ്‍സുമായി ജാക്ക്‌സ് തിലകിനൊപ്പം പുറത്താകാതെ നിന്നു.
പ്രഭ്‌സിമ്രാന്‍ ടോപ് സ്‌കോറര്‍
32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. അസ്മത്തുല്ല ഒമര്‍സായിയുടെ കാമിയോയും (17 പന്തില്‍ 38), അവസാന ഓവറുകളില്‍ വിഷ്ണു വിനോദും (പുറത്താകാതെ എട്ടു പന്തില്‍ 15), സേവിയര്‍ ബാര്‍ട്ട്‌ലെറ്റും (പുറത്താകാതെ ഏഴു പന്തില്‍ 18) പുറത്തെടുത്ത പ്രകടനവുമാണ് പഞ്ചാബിന്റെ സ്‌കോര്‍ 200-ലെത്തിച്ചത്.
മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: പ്രിയാന്‍ഷ് ആര്യ-17 പന്തില്‍ 22, കൂപ്പര്‍ കോണോലി-രണ്ടു പന്തില്‍ നാല്, സൂര്യാന്‍ഷ് ഷെഡ്‌ഗെ-അഞ്ചു പന്തില്‍ എട്ട്, ശശാങ്ക് സിങ്-മൂന്ന് പന്തില്‍ രണ്ട്, മാര്‍ക്കോ യാന്‍സന്‍-ഏഴു പന്തില്‍ രണ്ട്. പ്ലേ ഓഫില്‍ അനായാസം കയറുമെന്ന് കരുതിയ പഞ്ചാബിന്റെ അവസ്ഥ നിലവില്‍ പരുങ്ങലിലാണ്. 12 മത്സരങ്ങളില്‍ നിന്നു ആറു ജയവുമായി പോയിന്റ് ടേബിളില്‍ നാലാമതാണ്. ഒമ്പതാം സ്ഥാനത്താണ് മുംബൈ. വ്യക്തിപരമായ കാരണങ്ങളാല്‍ സൂര്യകുമാര്‍ യാദവ് വിട്ടുനിന്നതിനാല്‍ ജസ്പ്രീത് ബുംറയാണ് ഇന്ന് മുംബൈയെ നയിച്ചത്. ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കാന്‍ മുംബൈയ്ക്ക് സാധിച്ചു.
English Summary
Mumbai Indians defeated Punjab Kings by six wickets in a high-scoring chase. Tilak Varma starred for Mumbai with an unbeaten 75 runs off 33 balls. Chasing 201, Mumbai reached the target with just one ball to spare. This fifth consecutive loss has severely weakened Punjab’s chances for the playoffs.