West Indies vs Nepal: രണ്ടാം ടി20യിൽ ജയം 90 റൺസിന്; വിൻഡീസിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ച് നേപ്പാളിന് പരമ്പര
Nepal Wins The T20 Series Against West Indies: വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര നേട്ടവുമായി നേപ്പാൾ. ടി20 പരമ്പരയാണ് നേപ്പാൾ നേടിയത്.

നേപ്പാൾ - വെസ്റ്റ് ഇൻഡീസ്
വിൻഡീസിനെ ഞെട്ടിച്ച് ടി20 പരമ്പര സ്വന്തമാക്കി നേപ്പാൾ. വിൻഡീസിനെ ആദ്യ രണ്ട് ടി20കളിലും പരാജയപ്പെടുത്തിയാണ് നേപ്പാളിൻ്റെ ചരിത്രനേട്ടം. ചരിത്രത്തിലാദ്യമായാണ് നേപ്പാൾ ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ ഏതെങ്കിലും ഫോർമാറ്റിൽ പരമ്പര വിജയിക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും.
ആദ്യ കളിയിൽ 19 റൺസിന് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തിയ നേപ്പാൾ തന്നെയാണ് രണ്ടാമത്തെ കളിയിലും ആദ്യം ബാറ്റ് ചെയ്തത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റൺസ്, 3 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്നിങ്ങനെ പതറിയ നേപ്പാളിനെ ആസിഫ് ഷെയ്ഖും (47 പന്തിൽ 68 നോട്ടൗട്ട്) സന്ദീപ് ജോറയും (39 പന്തിൽ 63) ചേർന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 വിക്കറ്റിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസെന്ന മികച്ച സ്കോറിലെത്തിയ നേപ്പാൾ പിന്നീട് വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞിടുകയായിരുന്നു.
17.1 ഓവറിൽ കേവലം 83 റൺസിന് വെസ്റ്റ് ഇൻഡീസ് ഓൾ ഔട്ടായി. 15 പന്തുകളിൽ 21 റൺസ് നേടിയ ജേസൻ ഹോൾഡറാണ് വെസ്റ്റ് ഇൻഡീസിൻ്റെ ടോപ്പ് സ്കോറർ ആയത്. ഏഴ് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. നേപ്പാളിനായി മുഹമ്മദ് ആദിൽ ആലം നാല് വിക്കറ്റും കുശാൽ ഭുർടൽ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് പ്രമുഖ താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വിൻഡീസിൻ്റെ രണ്ടാം നിര ടീമാണ് നേപ്പാളിനെതിരെ ഇറങ്ങിയത്.
ആദ്യ കളിയിൽ 149 റൺസിൻ്റെ വിജയലക്ഷ്യം വച്ച് നേപ്പാളിനെതിരെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 129 റൺസ് നേടാനേ വെസ്റ്റ് ഇൻഡീസിന് സാധിച്ചിരുന്നുള്ളൂ.