R Ashwin: സഞ്ജു അടക്കം അഞ്ച് പേരുടെ നമ്പർ വേണമെന്ന് ‘വ്യാജ ആദം സാമ്പ’; കമൻ്റുമായി തലയുടെ സർപ്രൈസ് എൻട്രി
MS Dhoni Comments On Ashwins Post: ക്രിക്കറ്റ് താരങ്ങളുടെ നമ്പർ ആവശ്യപ്പെട്ട് ആദം സാമ്പയെന്ന പേരിൽ വ്യാജൻ. വ്യാജൻ്റെ ചാറ്റ് ആർ അശ്വിൻ പുറത്തുവിട്ടു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ നമ്പർ ചോദിച്ചെത്തിയ വ്യാജൻ്റെ ചാറ്റ് പുറത്തുവിട്ട് സ്പിന്നർ ആർ അശ്വിൻ. തൻ്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചാറ്റിൻ്റെ സ്ക്രീൻഷോട്ട് വിഡിയോ അശ്വിൻ പങ്കുവച്ചത്. ‘വ്യാജ ആദം സാമ്പ ഒരു സ്ട്രൈക്കിന് ശ്രമിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
‘സഹോദരാ, ദയവായി ഈ നമ്പരുകൾ അയക്കൂ. എനിക്ക് വേണ്ടത് അഭിഷേക് ശർമ്മ, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരുടെ നമ്പരുകളാണ്’ എന്നാണ് ഈ നമ്പരിൽ നിന്ന് വന്ന ആദ്യ മെസേജ്. തുടർന്ന് ഒരു ഓഡിയോ കോൾ സ്ക്രീൻഷോട്ടിൽ കാണാം. പിന്നാലെ ‘ഉടൻ ഈ ലിസ്റ്റ് അയക്കുന്നതാണ്’ എന്ന് അശ്വിൻ പറയുന്നു. ‘ഈ കളിക്കാരെ മതിയോ?’ എന്ന അശ്വിൻ്റെ ചോദ്യത്തിന് ‘മതി, സഹോദരാ’ എന്നാണ് ഇയാളുടെ മറുപടി. തുടർന്ന്, ‘ധോണിയുടെ നമ്പരുണ്ടോ, അത് കളഞ്ഞുപോയോ’ എന്ന് അശ്വിൻ ചോദിക്കുന്നു. ധോണിയുടെ നമ്പരുണ്ട് എന്ന് തട്ടിപ്പുകാരൻ പറയുമ്പോൾ ആ നമ്പർ അയക്കൂ എന്ന് അശ്വിൻ ആവശ്യപ്പെടുന്നു. ഉടൻ തന്നെ ഇയാൾ ‘എംഎസ് ധോണി ഇന്ത്യൻ ക്രിക്കറ്റർ’ എന്ന പേരിലുള്ള കോണ്ടാക്ട് കാർഡ് അയച്ചുനൽകുന്നു. ‘എക്സൽ ഷീറ്റിൽ നിങ്ങൾക്കായി ഇത് തയ്യാറാക്കുന്നു’ എന്ന് മറുപടി നൽകി അശ്വിൻ ചാറ്റ് അവസാനിക്കുന്നു.
Also Read: India vs Australia: മഴക്കെടുതിയിൽ തകർന്ന് ടീം ഇന്ത്യ; ആദ്യ ഏകദിനത്തിൽ തോൽവി ഏഴ് വിക്കറ്റിന്
തട്ടിപ്പുകാരൻ തൻ്റെ പേരായി വാട്സപ്പിൽ സേവ് ചെയ്തിരിക്കുന്നത് സാമ്പ എന്നാണ്. പ്രൊഫൈൽ പിക്ചറിൽ സാമ്പയും കുടുംബവും. എന്നാൽ, നമ്പർ യുഎഇയിൽ നിന്നുള്ളതാണെന്ന് വാട്സപ്പ് കാണിക്കുന്നുണ്ട്. +9715448766956 എന്നതാണ് നമ്പർ. ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ എംഎസ് ധോണി കമൻ്റ് ചെയ്തിട്ടുണ്ട്. ‘അവന് എംഎസ് ധോണിയുടെ നമ്പർ മാത്രമാണ് വേണ്ടത്’ എന്ന ധോണിയുടെ കമൻ്റിന് ശരിയായി വായിക്കൂ എന്നാണ് അശ്വിൻ നൽകുന്ന മറുപടി. രവീന്ദ്ര ജഡേജയും ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.
അശ്വിൻ്റെ പോസ്റ്റ്
View this post on Instagram