Smriti Mandhana: സ്മൃതി മന്ദന വിവാഹിതയാവുന്നു; പരോക്ഷമായി അറിയിച്ച് കാമുകൻ പലാഷ് മുഛൽ
Smriti Mandhana Marriage With Palash Muchhal: സ്മൃതി മന്ദനയുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന് കാമുകൻ പലാഷ് മുഛൽ. ബോളിവുഡിലെ സംഗീതസംവിധായകനാണ് പലാഷ് മുഛൽ.
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദന വിവാഹിതയാവുന്നു. ഇക്കാര്യം താരത്തിൻ്റെ കാമുകനും സംഗീതസംവിധായകനുമായ പലാഷ് മുഛൽ ആണ് അറിയിച്ചത്. നേരിട്ടല്ലെങ്കിലും വിവാഹം ഉടൻ ഉണ്ടാവുമെന്ന് മുഛൽ സൂചന നൽകി. നിലവിൽ വനിതാ ഏകദിന ലോകകപ്പുമായി തിരക്കിലാണ് സ്മൃതി മന്ദന.
ഈ മാസം 17ന് മധ്യപ്രദേശിലെ സ്റ്റേറ്റ് പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിക്കിടെയാണ് മുഛൽ വിവാഹത്തെപ്പറ്റിയുള്ള സൂചന നൽകിയത്. സ്മൃതിയുമായുള്ള ബന്ധവും ഓർമ്മകളും ചോദിച്ചപ്പോൾ മുഛൽ പറഞ്ഞത് ഇങ്ങനെ. “അവർ ഉടൻ തന്നെ ഇൻഡോറിൻ്റെ മരുമകളാവും. അതാണ് ഞാനിപ്പോൾ പറയുന്നത്. ഞാൻ നിങ്ങൾക്കൊരു തലക്കെട്ട് തന്നില്ലേ?” മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് പലാഷ് മുഛൽ.
Also Read: ICC Player Of The Month: ഐസിസി പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം; നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ
“ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും എന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിൻ്റെ അഭിമാനമാകണമെന്നാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.”- മുഛൽ തുടർന്നു. ഇൻഡോറിലാണ് ഇന്ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നത്.
ഗായികയായ പലക് മുഛലിൻ്റെ സഹോദരനും സംഗീതസംവിധായകനും സംവിധായകനുമാണ് പലാഷ് മുഛൽ. 2019 മുതൽ മുഛലും സ്മൃതി മന്ദനയും തമ്മിൽ പ്രണയത്തിലാണ്. ഇതുവരെ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുയർന്നത്.
ഈ മാസത്തെ ഏറ്റവും മികച്ച താരമായി സ്മൃതി മന്ദനയെ തിരഞ്ഞെടുത്തിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനങ്ങളാണ് സ്മൃതിയ്ക്ക് തുണയായത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉൾപ്പെടെ 300 റൺസാണ് സ്മൃതി മന്ദന നേടിയത്. കഴിഞ്ഞ മാസം കളിച്ച നാല് ഏകദിനങ്ങളിൽ നിന്ന് 308 റൺസ് നേടിയ സ്മൃതിയുടെ ശരാശരി 77 ഉം സ്ട്രൈക്ക് റേറ്റ് 135.68മായിരുന്നു.