Ranji Trophy 2025: സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്; തകർത്തടിച്ച് രോഹൻ കുന്നുമ്മൽ
Kerala Takes First Innings Lead: സൗരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി കേരളം. രോഹൻ കുന്നുമ്മലിൻ്റെ ഫിഫ്റ്റിയാണ് നിർണായകമായത്.
സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 160 റൺസിന് എറിഞ്ഞിട്ട കേരളം രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന നിലയിലാണ്. 31 റൺസിൻ്റെ ലീഡാണ് നിലവിൽ കേരളത്തിനുള്ളത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കേരളത്തിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് കളി ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കളി സമനില ആയപ്പോൾ മൂന്നാമത്തെ മത്സരത്തിൽ കേരളം ഇന്നിംഗ്സ് തോൽവി വഴങ്ങി. അതുകൊണ്ട് തന്നെ കേരളത്തിന് വളരെ നിർണായകമായിരുന്നു ഈ മത്സരം. ഇതുവരെ ടോസ് വിജയിക്കാതിരുന്ന കേരളം സൗരാഷ്ട്രയ്ക്കെതിരെ ടോസ് വിജയിച്ചതിന് നിർണായകമായി. നിധീഷ് എംഡി ആറ് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ സൗരാഷ്ട്ര തകർന്നടിഞ്ഞു. ബാബ അപരാജിത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 84 റൺസ് നേടിയ ജയ് ഗോഹിൽ ആയിരുന്നു സൗരാഷ്ട്രയുടെ ടോപ്പ് സ്കോറർ.
Also Read: Ranji Trophy: എംഡി നിധീഷും, ബാബ അപരാജിതും എറിഞ്ഞിട്ടും, സൗരാഷ്ട്ര 160ന് പുറത്ത്
മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. 96 പന്തുകളിൽ നിന്ന് 80 റൺസ് നേടി രോഹൻ പുറത്തായി. മറ്റുള്ളവരെല്ലാം വേഗം മടങ്ങിയപ്പോൾ അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ബാബ അപരാജിതും (42) അങ്കിത് ശർമ്മയും (32) ചേർന്ന കൂട്ടുകെട്ട് ഇതുവരെ 58 റൺസാണ് കൂട്ടിച്ചേർത്തത്. വരുൺ നായനാർ ആണ് ഇനിയുള്ള അംഗീകൃത ബാറ്റർ. ശേഷം ഈദൻ ആപ്പിൾ ടോമും കളിക്കാനുണ്ട്. എങ്കിലും ഈ സഖ്യം 100 റൺസെങ്കിലും കൂട്ടിച്ചേത്താൽ കേരളം ഈ കളി മേൽക്കൈ നേടും. ഇന്ന് കൂടാതെ രണ്ട് ദിവസമാണ് മത്സരത്തിൽ ബാക്കിയുള്ളത്.