AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2025: രഞ്ജി ട്രോഫിക്ക് ഇന്ന് തുടക്കം; കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര; മത്സരം എപ്പോള്‍, എവിടെ കാണാം?

When and where to watch Kerala vs Maharashtra Ranji Trophy 2025: സഞ്ജു സാംസണ്‍ രഞ്ജി ടീമിലേക്ക് തിരിച്ചെത്തിയത് കേരളത്തിന് ആശ്വാസമാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പോകേണ്ടതിനാല്‍ സഞ്ജുവിന്റെ സേവനം എല്ലാ മത്സരങ്ങളിലും ലഭിക്കില്ല. മത്സരം എങ്ങനെ കാണാമെന്ന് നോക്കാം

Ranji Trophy 2025: രഞ്ജി ട്രോഫിക്ക് ഇന്ന് തുടക്കം; കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര; മത്സരം എപ്പോള്‍, എവിടെ കാണാം?
കേരള ടീമിന്റെ പരിശീലനം Image Credit source: facebook.com/KeralaCricketAssociation
jayadevan-am
Jayadevan AM | Updated On: 15 Oct 2025 07:14 AM

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. 19 മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ തവണ കയ്യെത്തും ദൂരെ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് കേരളം. കഴിഞ്ഞ സീസണിലെ ഫൈനലില്‍ കേരളം വിദര്‍ഭയോട്‌ തോറ്റിരുന്നു. ഇത്തവണ ക്യാപ്റ്റന്‍സിയിലടക്കം അഴിച്ചുപണി നടത്തിയാണ് കേരളത്തിന്റെ വരവ്. മുന്‍ സീസണിലെ ക്യാപ്റ്റനായിരുന്നു സച്ചിന്‍ ബേബിക്ക് പകരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇത്തവണ കേരളത്തെ നയിക്കുന്നത്. അതിഥി താരം ബാബ അപരാജിതാണ് ഉപനായകന്‍.

ജലജ് സക്‌സേനയും, ആദിത്യ സര്‍വതെയും ടീം വിട്ടത് കേരളത്തിന് തിരിച്ചടിയാണ്. ഇത്തവണ മഹാരാഷ്ട്രയ്‌ക്കൊപ്പമാണ് ജലജ്. ജലജ് ഇന്ന് കേരളത്തിനെതിരെ കളിക്കുന്നുവെന്നതാണ് പ്രത്യേകത. ജലജിന് പകരം ഓള്‍ റൗണ്ടര്‍ അങ്കിത് ശര്‍മയെ കേരളം ടീമിലെത്തിച്ചു. സഞ്ജു സാംസണ്‍ രഞ്ജി ടീമിലേക്ക് തിരിച്ചെത്തിയത് കേരളത്തിന് ആശ്വാസമാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പോകേണ്ടതിനാല്‍ സഞ്ജുവിന്റെ സേവനം എല്ലാ മത്സരങ്ങളിലും ലഭിക്കില്ല.

രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, എംഡി നിധീഷ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്പി എന്നിവരെ സ്‌ക്വാഡിലെടുത്തില്ല. അഹമ്മദ് ഇമ്രാന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍, അങ്കിത് ശര്‍മ, ബാബ അപരാജിത്, ഷോണ്‍ റോജര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, ഈഡന്‍ ആപ്പിള്‍ ടോം, എംഡി നിധീഷ്, എന്‍ ബേസില്‍ എന്നിവരാണ് ഇത്തവണ സ്‌ക്വാഡിലുള്ളത്.

Also Read: രണ്ടാം ടെസ്റ്റും അനായാസം തൂക്കി, വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്‌

മറുവശത്ത്, റുതുരാജ് ഗെയ്ക്വാദ്, പൃഥി ഷാ തുടങ്ങിയവര്‍ മഹാരാഷ്ട്ര ടീമിലുണ്ട്. അങ്കിത് ബാവ്‌നയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍. ഇത്തവണ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. കരുത്തര്‍ അണിനിരക്കുന്നതാണ് ബി ഗ്രൂപ്പ്. മഹാരാഷ്ട്ര, സൗരാഷ്ട്ര, കര്‍ണാടക, ഗോവ, ചണ്ഡീഗഡ്, മധ്യപ്രദേശ്, പഞ്ചാബ് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്.

എങ്ങനെ കാണാം?

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഖേല്‍ ടിവിയിലും, ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം. എന്നാല്‍ 19 മത്സരങ്ങള്‍ നടക്കുന്നതിനാല്‍ എല്ലാ പോരാട്ടങ്ങളും സംപ്രേക്ഷണം ചെയ്യില്ല. തിരഞ്ഞെടുത്ത ചില മത്സരങ്ങള്‍ മാത്രമാകും കാണിക്കുന്നത്. ഇന്ന് നടക്കുന്ന കേരളത്തിന്റെ മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഖേലിലും, ജിയോഹോട്ട്‌സ്റ്റാറിലും ലൈവായി സംപ്രേക്ഷണം ചെയ്യും.