Rashid Khan: റാഷിദ് ഖാൻ പിഎസ്എൽ ബഹിഷ്കരിക്കുന്നു?; പാക് ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് അഫ്ഗാൻ താരം
Rashid Khan PSL Withdrawal: റാഷിദ് ഖാൻ പിഎസ്എൽ ബഹിഷ്കരിക്കുന്നു എന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പാകിസ്താൻ പ്രീമിയർ ലീഗ് ബഹിഷ്കരിക്കുന്നു എന്ന് സൂചന. പാകിസ്താൻ്റെ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റർമാർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതിൻ്റെ പ്രതിഷേധമായി താരം ഐഎസ്എൽ കളിക്കില്ലെന്നാണ് ലഭ്യമാവുന്ന സൂചനകൾ. പിഎസ്എലിൽ ലാഹോർ ക്വലാൻഡേഴ്സിൻ്റെ താരമാണ് റാഷിദ് ഖാൻ.
തൻ്റെ എക്സ് അക്കൗണ്ടിൻ്റെ ബയോയിൽ നിന്ന് ലാഹോർ ക്വലാൻഡേഴ്സിൻ്റെ പേര് റാഷിദ് നീക്കം ചെയ്തിരിക്കുകയാണ്. ഇത്. ലീഗ് ബഹിഷ്കരിക്കാനുള്ള റാഷിദ് ഖാൻ്റെ നീക്കമാണെന്ന് സോഷ്യൽ മീഡിയ അവകാശപ്പെടുന്നു. നേരത്തെ, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റാഷിദ് ഖാൻ പാകിസ്താനെ വിമർശിച്ചിരുന്നു.
“അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാർ മരിച്ചത് വലിയ ദുഖമുണ്ടാക്കുന്നു. സാധാരണ ആളുകൾ താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിക്കുന്നത് അനീതിയും ക്രൂരവുമാണ്. ഈ പ്രവൃത്തി മനുഷ്യാവകാശലംഘനമാണ്. ഇത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള അഫ്ഗാൻ ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞാൻ എൻ്റെ ആളുകൾക്കൊപ്പം നിലകൊള്ളുന്നു. എല്ലാത്തിനും മുകളിൽ രാഷ്ട്രത്തിൻ്റെ അഭിമാനമാണ്.”- റാഷിദ് ഖാൻ തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് താരം തൻ്റെ ബയോയിൽ നിന്ന് ലാഹോർ ക്വലാൻഡേഴ്സിൻ്റെ പേര് നീക്കിയത്.
2021ൽ ക്വലാൻഡേഴ്സിനൊപ്പം ചേർന്ന റാഷിദ് ഖാൻ ഫ്രാഞ്ചൈസിക്കൊപ്പം മൂന്ന് കിരീടങ്ങളും നേടിയിട്ടുണ്ട്. നിലവിലെ ജേതാക്കളും ലാഹോർ ക്വലാൻഡേഴ്സാണ്.
കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ പ്രാദേശിക ക്രിക്കറ്റ് താരങ്ങളാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയിലാണ് പാക് വ്യോമാക്രമണം നടന്നത്. പാകിസ്താനും ശ്രിലങ്കയ്ക്കുമെതിരായ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് പോയിരുന്ന ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്.