റിച്ച ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പെണ്‍പടയ്ക്ക് തോല്‍വി
വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു
വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു. റിച്ച ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. 36 പന്തില്‍ 68 റണ്‍സാണ് റിച്ച നേടിയത്. രണ്ട് സിക്‌സുകളും, ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഇന്ത്യന്‍ നിരയില്‍ മറ്റ് ബാറ്റര്‍മാരെല്ലാം പൂര്‍ണ പരാജയമായി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും സഹ ഓപ്പണര്‍ ഷെഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. ആറു പന്തില്‍ 13 റണ്‍സാണ് ഷെഫാലി നേടിയത്.