Sanju Samson: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയില്‍, ഇത്തവണ വരവ് വെറുതെയല്ല; നടത്തിയത് പ്രത്യേക പരിശീലനം
Sanju Samson arrives in Australia: സഞ്ജു സാംസണ്‍ ടി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തി. ടി20 പരമ്പരയ്ക്കായി സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ഗബ്രിയേല്‍ കുര്യന്‍ പരിശീലനത്തിന് താരത്തെ സഹായിച്ചു

Sanju Samson-File Pic
സഞ്ജു സാംസണ്‍ ടി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തി. ടി20 സ്‌ക്വാഡിലുള്ള മിക്ക താരങ്ങളും ഓസ്‌ട്രേലിയയിലെത്തിയെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഏകദിന പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും, ടി20യില്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടം ചൂടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ സമീപകാല പരമ്പരകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. സമീപകാല പ്രകടനമികവാണ് ടീമിന്റെ കരുത്തും ആത്മവിശ്വാസവും. എന്നാല്‍ എതിരാളികള്‍ നിസാരല്ല. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഓസീസ് പര്യടനം മുന്‍നിര്‍ത്തി സഞ്ജു സാംസണ്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ഗബ്രിയേല്‍ കുര്യന്‍ പരിശീലനത്തിന് സഞ്ജുവിനെ സഹായിച്ചിരുന്നു. സഞ്ജു പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ആര്‍സിബിയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായും മലയാളിയായ ഗബ്രിയേല്‍ പ്രവര്‍ത്തിച്ചിരുന്നു.
Also Read: Sanju Samson: സഞ്ജുവിന്റെ വില ശരിക്കും അറിഞ്ഞു; സെലക്ടര്‍മാര്‍ക്കെതിരെ ആരാധകര്‍
ഗബ്രിയേല്‍ സഞ്ജുവിന്റെ പരിശീലനത്തിന് പന്തെറിഞ്ഞുകൊടുത്തതോടെ, താരം ആര്‍സിബിയിലേക്ക് പോകുമെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വ്യാഖാനിച്ചു. എന്നാല്‍ അത്തരം വ്യാഖ്യാനങ്ങളില്‍ കഴമ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എന്തായാലും ഇത്തവണ സഞ്ജു രണ്ടും കല്‍പിച്ചാണ്. ഓസ്‌ട്രേലിയയില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ (ഇഷാന്‍ കിഷന്റെ റെക്കോഡ് മറികടക്കാന്‍ സഞ്ജുവിന് 59 റണ്‍സ് മതി), ടി20യില്‍ ആയിരം റണ്‍സ് (ഇനി വേണ്ടത് ഏഴ് റണ്‍സ് മാത്രം) എന്നീ നേട്ടങ്ങള്‍ സഞ്ജുവിന് ഇത്തവണ നേടാന്‍ അവസരമുണ്ട്. ഏഷ്യാ കപ്പിന് സമാനമായി ഓസീസ് പര്യടനത്തിലും താരം അഞ്ചാം നമ്പറിലാകും ബാറ്റ് ചെയ്യുന്നത്.