India vs Australia: ഇപ്പോള്‍ മനസിലായോ ഹര്‍ഷിത് ആരാണെന്ന്? സിഡ്‌നിയില്‍ ഓസീസ് 236ന് ഓള്‍ ഔട്ട്
India vs Australia Sydney ODI: സിഡ്‌നിയില്‍ ഓസീസ് 236ന് ഓള്‍ ഔട്ട്. 56 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയാണ് ടോപ് സ്‌കോറര്‍. ഹര്‍ഷിത് റാണ നാലു വിക്കറ്റ് വീഴ്ത്തി വിമര്‍ശകരുടെ വായടപ്പിച്ചു
സിഡ്‌നി: മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 236 റണ്‍സിന് ഓള്‍ ഔട്ടാക്കി. നാല് വിക്കറ്റെടുത്ത ഹര്‍ഷിത് റാണയുടെ പ്രകടനമാണ് ഓസീസിനെ 236 റണ്‍സിന് പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 58 പന്ത് നേരിട്ട താരം 56 റണ്‍സ് നേടി.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ഷും സഹ ഓപ്പണറായ ട്രാവിസ് ഹെഡും ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 61 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും അടിച്ചുകൂട്ടിയത്. 29 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുക്കെട്ട് പൊളിച്ചു. അര്‍ധ സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് അകലെ മാര്‍ഷും വീണു. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്.
രണ്ടാം ഏകദിനത്തില്‍ ഓസീസിന്റെ ടോപ് സ്‌കോററായ മാറ്റ് ഷോര്‍ട്ടിനെ അധിക നേരം നിലയുറപ്പിക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ അനുവദിച്ചില്ല. 41 പന്തില്‍ 30 റണ്‍സ് നേടിയായിരുന്നു ഷോര്‍ട്ടിന്റെ മടക്കം. തുടര്‍ന്നാണ് ഹര്‍ഷിത് റാണ കൊടുങ്കാറ്റ് പോലെ നാശം വിതച്ചത്.
37 പന്തില്‍ 24 റണ്‍സെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയായിരുന്നു ഹര്‍ഷിതിന്റെ ആദ്യ ഇര. കാരിക്ക് പിന്നാലെ ഓസീസിന് വേണ്ടി പൊരുതിയ റെന്‍ഷോയും പുറത്തായതോടെ അഞ്ച് വിക്കറ്റിന് 195 എന്ന നിലയിലായി ആതിഥേയര്‍. വാഷിങ്ടണിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് റെന്‍ഷോ പുറത്തായത്.
Also Read: Sanju Samson: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയില്‍, ഇത്തവണ വരവ് വെറുതെയല്ല; നടത്തിയത് പ്രത്യേക പരിശീലനം
തുടര്‍ന്ന് ക്രീസിലെത്തിയ കൂപ്പര്‍ കൊന്നോലി (34 പന്തില്‍ 23), മിച്ചല്‍ ഓവന്‍ (നാല് പന്തില്‍ ഒന്ന്), ജോഷ് ഹേസല്‍വുഡ് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെയും വീഴ്ത്തി ഹര്‍ഷിത് തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. വാലറ്റത്ത് പൊരുതാന്‍ നോക്കിയ നഥാന്‍ എല്ലിസിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. 19 പന്തില്‍ 16 റണ്‍സായിരുന്നു എല്ലിന്റെ സമ്പാദ്യം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര സമ്പൂര്‍ണമായി അടിയറവ് വച്ചെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.