Sanju Samson: രഞ്ജി ട്രോഫിയിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവുമായി സഞ്ജു സാംസണ്‍; ഏകദിന ശൈലിയില്‍ അര്‍ധ സെഞ്ചുറി തൂക്കി
Sanju Samson Smashes Half Century in Ranji Trophy 2025-26: തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസണ്‍. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവ് താരം ഗംഭീരമാക്കി.
രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസണ്‍. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ചു 51 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. അഞ്ച് ഫോറും ഒരു സിക്‌സറും സഞ്ജു നേടി. 63 പന്തില്‍ 54 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. വിക്കി ഓസ്വാലിന്റെ പന്തില്‍ സൗരഭ് നാവലെ ക്യാച്ചെടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേരളം 51 ഓവറില്‍ ആറു വിക്കറ്റിന് 186 എന്ന നിലയിലാണ്. സല്‍മാന്‍ നിസാറും അങ്കിത് ശര്‍മയുമാണ് ക്രീസില്‍.
തകര്‍ച്ചയോടെയാണ് കേരളം ആദ്യ ഇന്നിങ്‌സ് ആരംഭിച്ചത്. ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ പൂജ്യത്തിന് നഷ്ടമായി. രജ്‌നീഷ് ഗുര്‍ബാനി താരത്തെ എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ബാബ അപരാജിതും വന്ന പോലെ മടങ്ങി. 13 പന്തില്‍ ആറു റണ്‍സെടുത്ത താരത്തെയും ഗുര്‍ബാനിയാണ് പുറത്താക്കിയത്.
ചെറുത്തുനില്‍പിന് ശ്രമിച്ച രോഹന്‍ കുന്നുമ്മലിനെ കേരളത്തിന്റെ മുന്‍താരം കൂടിയായ ജലജ് സക്‌സേന വീഴ്ത്തി. 28 പന്തില്‍ 27 റണ്‍സാണ് രോഹന്‍ നേടിയത്. രോഹന്‍ പുറത്തായതോടെ മൂന്ന് വിക്കറ്റിന് 35 എന്ന നിലയില്‍ കേരളം പതറി.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും, സഞ്ജു സാംസണും ഒത്തുച്ചേര്‍ന്നു. എന്നാല്‍ മൂന്നാം ദിനമായ ഇന്ന് മത്സരം തുടങ്ങിയതിന് തൊട്ടുപിന്നാലെ മുന്‍ ക്യാപ്റ്റനായ സച്ചിനെയും കേരളത്തിന് നഷ്ടപ്പെട്ടു. 35 പന്തില്‍ ഏഴ് റണ്‍സെടുത്ത സച്ചിനെ രാമകൃഷ്ണ ഘോഷാണ് പുറത്താക്കിയത്.
എന്നാല്‍ ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ ഏകദിന ശൈലിയില്‍ സഞ്ജു അനായാസം ബാറ്റു ചെയ്തു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തിയ താരം കേരളത്തിന്റെ സ്‌കോറിങിന്റെ വേഗത ഉയര്‍ത്തി. എന്നാല്‍ കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡ് 135ല്‍ എത്തിയപ്പോള്‍ സഞ്ജു പുറത്തായി. തൊട്ടുപിന്നാലെ 52 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും കേരളത്തിന് നഷ്ടമായി.
ആദ്യ ഇന്നിങ്‌സില്‍ മഹാരാഷ്ട്ര 239 റണ്‍സിന് പുറത്തായിരുന്നു. 91 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദിന്റെയും, 49 റണ്‍സെടുത്ത ജലജ് സക്‌സേനയുടെയും ബാറ്റിങ് മികവ് മഹാരാഷ്ട്രയ്ക്ക് ആശ്വാസമായി. എംഡി നിധീഷ് കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. എന്‍പി ബേസില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.