AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: വൈഭവിന് വേണ്ടി ആരെ ഒഴിവാക്കും? സഞ്ജുവിനെയോ, അഭിഷേകിനെയോ? എയറില്‍ കയറാനുറച്ച് ടീം മാനേജ്‌മെന്റ്‌

Sanju Samson vs Abhishek Sharma vs Vaibhav Sooryavanshi: വൈഭവ് സൂര്യവംശി ഇന്ന് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. എന്നാല്‍ സൂര്യവംശിക്ക് വേണ്ടി ആരെ ഒഴിവാക്കുമെന്ന ചോദ്യമാകും ടീം മാനേജ്‌മെന്റിനെ അലട്ടുന്നത്; സഞ്ജു സാംസണെയോ അതോ അഭിഷേക് ശര്‍മയെയോ? സാധ്യതകള്‍ പരിശോധിക്കാം.

Sanju Samson: വൈഭവിന് വേണ്ടി ആരെ ഒഴിവാക്കും? സഞ്ജുവിനെയോ, അഭിഷേകിനെയോ? എയറില്‍ കയറാനുറച്ച് ടീം മാനേജ്‌മെന്റ്‌
സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 Sep 2026 | 07:15 AM

അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കുന്ന മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അഴിച്ചുപണിക്കൊരുങ്ങി ടീം മാനേജ്‌മെന്റ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. അതുകൊണ്ട് തന്നെ, മൂന്നാം ടി20യില്‍ ‘ബെഞ്ച് സ്‌ട്രെങ്ത്’ പരീക്ഷിക്കുമെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സൂചന നല്‍കിയിരുന്നു. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി ഇന്ന് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. എന്നാല്‍ സൂര്യവംശിക്ക് വേണ്ടി ആരെ ഒഴിവാക്കുമെന്ന ചോദ്യമാകും ടീം മാനേജ്‌മെന്റിനെ അലട്ടുന്നത്; സഞ്ജു സാംസണെയോ അതോ അഭിഷേക് ശര്‍മയെയോ?

സൂര്യവംശിക്ക് വേണ്ടി ഇന്ന് ആരെ ഒഴിവാക്കിയാലും അത് ടീം മാനേജ്‌മെന്റിനെ ‘എയറില്‍ കയറ്റു’മെന്ന് ഉറപ്പാണ്. ഇനി സൂര്യവംശിയെ കളിപ്പിച്ചില്ലെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. അതുകൊണ്ട് തന്നെ എന്തു ചെയ്താലും ടീം മാനേജ്‌മെന്റ് വിമര്‍ശനം നേരിടേണ്ടി വരും.

ടീം മാനേജ്‌മെന്റ് നേരിടുന്ന പ്രതിസന്ധി

അടുത്തിടെ സമാപിച്ച സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. വൈഭവായിരുന്നു പരമ്പരയിലെ താരവും. അതുകൊണ്ട് തന്നെ, അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണത്തിലെങ്കിലും വൈഭവ് അവസരം അര്‍ഹിക്കുന്നുണ്ട്.

ഏഷ്യന്‍ ഗെയിംസ് വരാനിരിക്കെ താരത്തിന് ആവശ്യത്തിന് മത്സരപരിചയം ഉറപ്പാക്കേണ്ടതുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈഭവിനെ ഇന്ന് കളിപ്പിക്കാന്‍ തന്നെയാണ് സാധ്യത.

Also Read: Vaibhav Sooryavanshi: മൂന്നാം ടി20യില്‍ വൈഭവ് സൂര്യവംശി കളിക്കും? സൂചന നല്‍കി ക്യാപ്റ്റന്‍

ആരെ ഒഴിവാക്കും?

എന്നാല്‍ വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമെങ്കില്‍ സഞ്ജു, അഭിഷേക് എന്നിവരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും. അഫ്ഗാനെതിരായ ആദ്യ ടി20യില്‍ അഭിഷേകും, രണ്ടാമത്തേതില്‍ സഞ്ജുവും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഫോമിലുള്ള ഈ രണ്ട് ബാറ്റര്‍മാരില്‍ ആരെ ഒഴിവാക്കിയാലും സ്വഭാവികമായും വിമര്‍ശനം നേരിടേണ്ടി വരും.

എത്ര മികച്ച പ്രകടനം പുറത്തെടുത്താലും സഞ്ജുവിന് തുടര്‍ച്ചയായി അവസരം കൊടുക്കാറില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമാണ്. ഇന്ന് സഞ്ജുവിനെ ഒഴിവാക്കിയാല്‍ ആ ആക്ഷേപം കുറച്ചുകൂടി ശക്തമാകുമെന്ന് തീര്‍ച്ച. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേകിനെ ഒഴിവാക്കിയാല്‍ അതിനെതിരെയും ചോദ്യമുയരും.

പ്ലാന്‍ ബി പുറത്തെടുക്കുമോ?

‘ഇലയ്ക്കും മുള്ളിനും കേടില്ലാ’തെ പ്രശ്‌നം പരിഹരിക്കാനുള്ള പ്ലാന്‍ ബി ശ്രേയസ് അയ്യറിനും, പരിശീലകന്‍ ഗൗതം ഗംഭീറിനും മുന്നിലുണ്ട്. തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്ന ഇഷാന്‍ കിഷന് ഇന്ന് വിശ്രമം അനുവദിക്കുകയാണ് ആ മാര്‍ഗം. കിഷാന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ വണ്‍ ഡൗണാക്കുകയാണ് ഓപ്ഷന്‍. അങ്ങനെയെങ്കില്‍ അഭിഷേകിനെ ഒഴിവാക്കേണ്ടിയും വരില്ല, സൂര്യവംശിയെ കളിപ്പിക്കുകയും ചെയ്യാം. പക്ഷേ, അതിന് ടീം മാനേജ്‌മെന്റ് മുതിരുമോയെന്ന് കണ്ടറിയണം.

English Summary

India may test its bench strength in the third T20 against Afghanistan after winning the series. Vaibhav Sooryavanshi is likely to get a chance in the playing XI. Replacing either Sanju Samson or Abhishek Sharma could spark criticism for the team management. Resting Ishan Kishan to adjust the batting order offers a potential Plan B to avoid controversy.

Follow Us