Sanju Samson: വൈഭവ് കാത്തിരിക്കുന്നു; രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ പുറത്തേക്കോ?
Sanju Samson's Form in Focus in India vs Ireland 2ns T20I: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ അഞ്ച് റണ്‍സിന് പുറത്തായത് സഞ്ജു സാംസണ് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. വൈഭവ് സൂര്യവംശി അരങ്ങേറ്റത്തിനുള്ള അവസരം കാത്തിരിക്കുന്നതാണ് സഞ്ജു നേരിടുന്ന വെല്ലുവിളി.
അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെറും അഞ്ച് റണ്‍സിന് പുറത്തായത് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. 15-കാരന്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റത്തിനുള്ള അവസരം കാത്തിരിക്കുന്നതാണ് സഞ്ജു നേരിടുന്ന വെല്ലുവിളി. വൈഭവ് പ്ലേയിങ് ഇലവനില്‍ എത്തണമെങ്കില്‍ സഞ്ജു, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും. എന്നാല്‍ ആദ്യ മത്സരത്തില്‍ 20 പന്തില്‍ 49 റണ്‍സെടുത്ത അഭിഷേകിനെ ഒഴിവാക്കാന്‍ സാധ്യതയില്ല. ഇതാണ് സഞ്ജുവിന് പ്രതിസന്ധിയാകുന്നത്. സഞ്ജു മാത്രമല്ല, ഇഷാന്‍ കിഷന്‍ (അഞ്ച് പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (ഏഴു പന്തില്‍ മൂന്ന്) തുടങ്ങിയവരും നിരാശപ്പെടുത്തിയിരുന്നു.
എന്നാല്‍ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ സഞ്ജുവിനെ ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് നീതികരിക്കാനാകില്ല. എന്നാല്‍ വൈഭവിന് അരങ്ങേറ്റത്തിനുള്ള അവസരമെന്ന നിലയില്‍ നാളെ നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് വിശ്രമം നല്‍കുമോയെന്നാണ് കണ്ടറിയേണ്ടത്.
പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ വൈഭവ് സൂര്യവംശി ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു. സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലെ നീണ്ടുനിന്ന പരിശീലന സെഷനുകളിൽ വൈഭവിന്റെ ഡിഫൻസീവ് സ്റ്റാൻസ് മെച്ചപ്പെടുത്തുന്നതിനടക്കം ഗംഭീര്‍ ഏറെനേരം സമയം ചെലവഴിച്ചു.
Also Read: India vs Ireland : അയ്യേ നാണക്കേട്! ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് അയർലൻഡ്
അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ വൈഭവ് പ്ലേയിങ് ഇലവനിലെത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇനിയുള്ള മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാണ്.
ആദ്യ മത്സരത്തില്‍ വൈഭവിന് അവസരം നല്‍കാത്തതില്‍ ടീം മാനേജ്‌മെന്റിനെതിരെ ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. എന്നാല്‍ മികച്ച ഫോമിലുള്ള സീനിയര്‍ താരങ്ങളെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക് പറഞ്ഞു.
“വൈഭവ് വളരെ കഴിവുള്ളവനാണ്. അതിൽ സംശയമില്ല. ഐപിഎല്ലിലും മറ്റ് മത്സരങ്ങളിലും അവൻ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ, അവന് ധാരാളം കഴിവുകളുണ്ടെന്ന് എടുത്തു പറയേണ്ടതില്ല. ഒരാൾക്ക് അവസരം നൽകാൻ വേണ്ടി മാത്രം, ഇതിനകം റൺസ് സ്കോർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ നമ്മൾ ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നില്ല. അതും ശരിയായിരിക്കില്ല,” സിതാന്‍ഷു കോട്ടക് ബെൽഫാസ്റ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സഞ്ജു ശ്രദ്ധിക്കണം
സഞ്ജു ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുള്ളതിനാൽ സഞ്ജു സാംസണും അഭിഷേകും ഒന്നിനെയും നിസ്സാരമായി കാണരുതെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി.
ആദ്യ ടി20യില്‍ അയര്‍ലന്‍ഡ് ഇന്ത്യയെ 34 റണ്‍സിന് തോല്‍പിച്ചിരുന്നു. വൈഭവ് സൂര്യവംശി കളിച്ചിരുന്നെങ്കിൽ പോലും ആദ്യ ടി20 ഐ ഫലം വ്യത്യസ്തമാകുമായിരുന്നില്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചു. ടോപ്പ് ഓർഡറിൽ നിലവിൽ ഒഴിവില്ലെന്നും ആ സ്ഥാനങ്ങൾ തൽക്കാലം അഭിഷേകിനും സാംസണിനും ഉള്ളതാണെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
English Summary
Sanju Samson’s low score created a selection dilemma for coach Gautam Gambhir. Fans are demanding the debut of 15-year-old prodigy Vaibhav Sooryavanshi. Experts like Sanjay Manjrekar warned Samson to be careful about his top-order spot. Former cricketers expect India to retain the same batting lineup.