India vs Ireland : തുടക്കം പാളിയെങ്കിലും ക്യാപ്റ്റൻ ടക്കറും ഡെലനിയും തകർത്തു; ഇന്ത്യക്ക് ലക്ഷ്യം 183 റൺസ്
IND vs IRE First T20 Match Highlights : രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യക്ക് അയർലാൻഡിനെതിരെയുള്ളത്. ടോസ് നേടിയ ഇന്ത്യ അയർലാൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അതേസമയം കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് ഇന്ത്യ അയർലൻഡിനെതിരെയുള്ള ആദ്യ മത്സരത്തിന് ഇറങ്ങിയത്.
അയർലൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയ ഐറിഷ് ടീമിനെ നായകൻ ലോർക്കൻ ടക്കറും ഗെറാത്ത് ഡെലനിയും ചേർന്നാണ് തകർച്ചയിൽ നിന്നും കരകയറ്റി മികച്ച സ്കോറിലേക്കെത്തിച്ചത്. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് രാജ്യാന്തരതലത്തിലുള്ള അരങ്ങേറ്റം കുറിക്കാൻ ഇന്ന് അവസരം നൽകിയില്ല. രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അയർലൻഡിനെതിരെയുള്ളത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം നേടി.
തുടക്കത്തിൽ പതറിയ അയർലൻഡ് പിന്നീട് ക്യാപ്റ്റൻ ലോർക്കൻ ടക്കറിൻ്റെയും ഗെറാത്ത് ഡെലനിയുടെയും കൂട്ടുകെട്ടിലാണ് മികച്ച് സ്കോർ നേടാനായത്. പേസർമാരായ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും ശിവം ദുബെയും പിടിച്ചെറിഞ്ഞപ്പോൾ, പ്രസിദ്ധ കൃഷ്ണ അടിവാങ്ങി കൂട്ടി. നാല് ഓവറിൽ 57 റൺസാണ് പ്രസിദ്ധ് കൃഷ്ണ വിട്ട് നൽകിയത്. ഒരു ഓവർ മാത്രം എറിഞ്ഞ വാഷിങ്ടൺ സുന്ദറിനും ഐറിഷ് സംഘത്തിൽ നിന്നും അടി കിട്ടയത്. സുന്ദറിൻ്റെ ഒരു ഓവറിൽ അയർലൻഡ് ബാറ്റർമാർ അടിച്ച് കൂട്ടിയത് 19 റൺസായിരുന്നു. ക്യാപ്റ്റൻ ടക്കർ അയർലൻഡിനായി അർധ സെഞ്ചുറി നേടിയെങ്കിലും ഡെലെനി 49 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർഷിത് റാണ മൂന്നും അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടും വിക്കറ്റുകൾ വീതം നേടി. ശിവം ദുബെയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.