Sanju Samson: ‘സഞ്ജുവിന് ഫോം വീണ്ടെടുക്കാൻ ഒരു നിമിഷം മതി’; താരം ഉടൻ ഫോമിലെത്തുമെന്നതിൽ സംശയമില്ലെന്ന് ബൗളിംഗ് പരിശീലകൻ
Morne Morkel About Sanju Samson: സഞ്ജു സാംസൺ ഉടൻ ഫോമിലേക്ക് തിരികെയെത്തുമെന്ന് മോർണെ മോർക്കൽ. താരം നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും മോർക്കൽ പറഞ്ഞു.

സഞ്ജു സാംസൺ
ഫോം ഔട്ടായ സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർണെ മോർക്കൽ. സഞ്ജുവിന് ഫോം വീണ്ടെടുക്കാൻ ഒരു നിമിഷം മതിയെന്നും താരം ഉടൻ ഫോമിലെത്തുമെന്നതിൽ തനിക്ക് സംശയമില്ലെന്നും മോർക്കൽ പറഞ്ഞു. നാലാം ടി20യ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മോർക്കലിൻ്റെ പ്രതികരണം.
“സഞ്ജുവിന് ഫോം വീണ്ടെടിക്കാൻ ഒരു നിമിഷം മതി. ഫോം താത്കാലികമാണെന്ന് ക്ലീഷേ പറയാമെങ്കിലും ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സഞ്ജു മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ട്. നെറ്റ്സിൽ വളരെ നന്നായാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹത്തിന് മികവിലേക്ക് ഉയരാൻ വേണ്ടത് സമയത്തിൻ്റെ ആനുകൂല്യം മാത്രമാണ്. ടീം വിജയിക്കുന്നതാണ് വ്യക്തിഗത ഫോമിനെക്കാൾ പ്രധാനം. പരമ്പരയിൽ ഇന്ത്യ 3-0ന് മുന്നിലാണ്. മികച്ച ക്രിക്കറ്റാണ് മൈതാനത്ത് ടീം പുറത്തെടുക്കുന്നത്. ഇനിയും രണ്ട് മത്സരങ്ങളുണ്ട്. സഞ്ജു ഫോമിലെത്തി സ്കോർബോർഡിലേക്ക് റൺസ് സംഭാവന ചെയ്യുമെന്നതിൽ തനിക്ക് സംശയമില്ല.”- മോർക്കൽ വിശദീകരിച്ചു.
പരമ്പരയിൽ സഞ്ജു മോശം ഫോമിലാണ്. മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ 10 ആണ്. ആദ്യ കളിയിലാണ് സഞ്ജു 10 റൺസ് നേടിയത്. രണ്ടാമത്തെ ആറ് റൺസിന് പുറത്തായ താരം കഴിഞ്ഞ കളി ഗോൾഡൻ ഡക്കായി. ലോകകപ്പിൽ സഞ്ജുവാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. തിലക് വർമ്മ പരിക്കേറ്റ് പുറത്തായതോടെ ബാക്കപ്പ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത് സഞ്ജുവിന് സമ്മർദ്ദമായിട്ടുണ്ട്. ആദ്യ കളി എട്ട് റൺസിന് പുറത്തായ താരം രണ്ടാമത്തെ കളി 32 പന്തിൽ 76 റൺസുമായി കളിയിലെ താരമായി. മൂന്നാമത്തെ മത്സരത്തിൽ കിഷൻ 28 റൺസാണ് നേടിയത്.