AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: ആവേശപ്പോരാട്ടത്തിലെ അവസാന പന്തില്‍ ഡല്‍ഹി വീണു; പ്ലേ ഓഫിന്റെ തൊട്ടടുത്ത് ഗുജറാത്ത്‌

WPL 2026 Gujarat Giants vs Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ് പ്ലേ ഓഫിന് തൊട്ടടുത്തെത്തി. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്ത് വരെ പോരാടിയെങ്കിലും, 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

WPL 2026: ആവേശപ്പോരാട്ടത്തിലെ അവസാന പന്തില്‍ ഡല്‍ഹി വീണു; പ്ലേ ഓഫിന്റെ തൊട്ടടുത്ത് ഗുജറാത്ത്‌
Gujarat Giants Players Image Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Jan 2026 | 05:47 AM

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പോരാട്ടത്തിന് വാശിയേറുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ് പ്ലേ ഓഫിന് തൊട്ടടുത്തെത്തി. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്ത് വരെ പോരാടിയെങ്കിലും, 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് റണ്‍സിനായിരുന്നു ഗുജറാത്തിന്റെ ജയം. സ്‌കോര്‍: ഗുജറാത്ത് ജയന്റ്‌സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 174; ഡല്‍ഹി ക്യാപിറ്റല്‍സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 171.

ബേഥ് മൂണിയുടെ അര്‍ധ ശതകത്തിന്റെ പിന്‍ബലത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 46 പന്തുകള്‍ നേരിട്ട മൂണി 58 റണ്‍സെടുത്തു. 25 പന്തില്‍ 39 റണ്‍സെടുത്ത അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മയും, 11 പന്തില്‍ 21 റണ്‍സെടുത്ത തനുജ കണ്‍വാറും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.

മറ്റ് ഗുജറാത്ത് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. സോഫി ഡെവിന്‍-10 പന്തില്‍ 13, ആഷ്‌ലി ഗാര്‍ഡ്‌നര്‍-നാലു പന്തില്‍ രണ്ട്, ജോര്‍ജിയ വെയര്‍ഹാം-ഏഴു പന്തില്‍ 11, ഭാര്‍തി ഫുല്‍മാലി-അഞ്ച് പന്തില്‍ മൂന്ന്, കനിക അഹുജ-അഞ്ച് പന്തില്‍ നാല്, കാശ്‌വീ ഗൗതം-മൂന്ന് പന്തില്‍ രണ്ട്, രേണുക സിങ്-നാലു പന്തില്‍ മൂന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Also Read: WPL 2026: റിച്ച ഘോഷിന്റെ പോരാട്ടവീര്യത്തിനും ആര്‍സിബിയെ രക്ഷിക്കാനായില്ല; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

നാലു വിക്കറ്റെടുത്ത ഡല്‍ഹിയുടെ നല്ലപുറെഡ്ഡി ചരണി ബൗളിങില്‍ തിളങ്ങി. ചിനെലെ ഹെന്റി രണ്ട് വിക്കറ്റ് സ്വന്തമാക്കി. മരിസന്നെ കാപ്പും, നന്ദനി ശര്‍മയും, മലയാളി താരം മിന്നു മണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒമ്പതാമതായി ബാറ്റിങിന് എത്തിയ നിക്കി പ്രസാദാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. താരം 24 പന്തില്‍ 47 റണ്‍സെടുത്തു. 15 പന്തില്‍ 29 റണ്‍സെടുത്ത സ്‌നേഹ് റാണയും ഡല്‍ഹിക്കായി പോരാടി നോക്കി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. മറ്റുള്ളവരുടെ സ്‌കോറുകള്‍: ഷഫാലി വര്‍മ-10 പന്തില്‍ 11, ലിസെലെ ലീ-20 പന്തില്‍ 11, ലോറ വോള്‍വാര്‍ട്ട്-23 പന്തില്‍ 24, ജെമിമ റോഡ്രിഗസ്-23 പന്തില്‍ 24, മരിസന്നെ കാപ്പ്-ഗോള്‍ഡന്‍ ഡക്ക്, ചിനെലെ ഹെന്റി-11 പന്തില്‍ ഒമ്പത്, മിന്നു മണി-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട്.

നാലു വിക്കറ്റെടുത്ത സോഫി ഡെവിനും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദുമാണ് വിജയത്തിലേക്ക് കുതിച്ച ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. ഡെവിനാണ് കളിയിലെ താരം. ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.