Sanju Samson: സഞ്ജു എത്തുമ്പോൾ ധോണി കളം വിടും; സീസൺ പാതിയിൽ വിരമിക്കലുണ്ടാവുമെന്ന് മുൻ താരം
MS Dhoni Will Retire When Sanju Samson Comes To CSK: സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയാൽ എംഎസ് ധോണി വിരമിക്കുമെന്ന് മുൻ താരം. സീസൺ പാതിയിൽ ധോണി വിരമിച്ചേക്കുമെന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്.

സഞ്ജു സാംസൺ, എംഎസ് ധോണി
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയാൽ എംഎസ് ധോണി വിരമിക്കുമെന്ന് ഇന്ത്യയുടെ മുൻ താരമായ മുഹമ്മദ് കൈഫ്. ധോണി പൂർത്തിയാക്കാത്ത ഒരു സീസണാവും ഇത് എന്നും കൈഫ് തൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. രവീന്ദ്ര ജഡേജയെയും സാം കറനെയും നൽകി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചു എന്നാണ് അഭ്യൂഹങ്ങൾ.
ജഡേജയെപ്പോലെ ഒരു മാച്ച് വിന്നറെ ക്യാപ്റ്റൻസി മെറ്റീരിയലായ സഞ്ജുവിനായി വിട്ടുനൽകാൻ ധോനി തയ്യാറായേക്കുമെന്ന് കൈഫ് പറഞ്ഞു. ജഡേജ ക്യാപ്റ്റനായ 2022 സീസണിൽ ടീം മോശം പ്രകടനമാണ് നടത്തിയത്. ഇതും ഒരു കാരണമാവാം. 2008ലാണ് ധോണിയും ജഡേജയും കരിയർ ആരംഭിച്ചത്. ചെന്നൈയിൽ എത്തിയ ശേഷം ധോണി ഫ്രാഞ്ചൈസി വിട്ടിട്ടില്ല. ഈ ട്രേഡ് നടന്നാൽ, അദ്ദേഹം പൂർത്തിയാക്കാത്ത ഒരു സീസണാവും ഇത്. മാനേജ്മെൻ്റുമായും ടീമുമായും യോജിച്ചാൽ സഞ്ജുവിനെ ക്യാപ്റ്റൻസി ഏല്പിച്ച് ധോണി കളം വിടും.
“ജഡേജയുടെ ക്യാപ്റ്റൻസി അത്ര നന്നായിരുന്നില്ല. ഐപിഎലിൽ എല്ലാവർക്കും ക്യാപ്റ്റനാവാൻ കഴിയില്ല. ധോണിയുടെ ദീർഘവീക്ഷണം വ്യക്തമാണ്. ഭാവി ക്യാപ്റ്റനെ എത്തിക്കുന്നതിനായി ജഡേജയെ വിട്ടുനൽകാൻ ധോണി തയ്യാറാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രേഡിങ് വാർത്തകൾക്കിടെ ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണോ എന്ന് വ്യക്തമല്ല. ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോൾ പ്രൊഫൈൽ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയുമാണ് രാജസ്ഥാൻ റോയൽസിന് ലഭിക്കുക. ഈ ഡീൽ നടന്നുകഴിഞ്ഞെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.