Ranji Trophy 2025: സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിൻ്റെ വിജയലക്ഷ്യം 330 റൺസ്; നിലയുറപ്പിക്കും മുൻപ് തിരിച്ചടി
Kerala vs Saurashtra Update: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പതറുന്നു. 330 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി.
സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ വിജയലക്ഷ്യം 330 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിൽ നിലയുറപ്പിക്കും മുൻപ് കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി.
ആദ്യ ഇന്നിംഗ്സിൽ 160 റൺസിന് മുട്ടുമടക്കിയ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ ശക്തമായി തിരികെവരികയായിരുന്നു. 152 റൺസ് നേടിയ ചിരാഗ് ജാനി സൗരാഷ്ട്രയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ അർപിത് വാസവദ (74), പ്രേരക് മങ്കാദ് (62) എന്നിവരും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കേരളത്തിനായി നിധീഷ് എംഡി നാല് വിക്കറ്റും ബേസിൽ എൻപി മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷിൻ്റെ ആകെ വിക്കറ്റ് നേട്ടം ഇതോടേ 10 ആയി. നാലാം വിക്കറ്റിൽ ചിരാഗ് ജാനിയും വാസവദയും ചേർന്നൊരുക്കിയ 174 റൺസിൻ്റെ കൂട്ടുകെട്ടും അഞ്ചാം വിക്കറ്റിൽ ജാനിയും മങ്കാദും ചേർന്ന് കണ്ടെത്തിയ 105 റൺസ് കൂട്ടുകെട്ടുമാണ് നിർണായകമായത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ കേരളത്തിന് സ്കോർബോർഡിൽ എട്ട് റൺസ് ആയപ്പോൾ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. ആദ്യ ഇന്നിംഗ്സിൽ കേരളത്തിൻ്റെ ടോപ്പ് സ്കോററായിരുന്ന രോഹൻ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്ത് പുറത്താവുകയായിരുന്നു. ധർമേന്ദ്രസിംഗ് ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു രോഹൻ. സഹ ഓപ്പണർ ആകർഷ് എകെ റിട്ടയർഡ് ഹർട്ട് ആയി മടങ്ങി. സച്ചിൻ ബേബി (2), വരുൺ നായനാർ (4) എന്നിവരാണ് ക്രീസിലുള്ളത്. ജയം ഏറെക്കുറെ അസാധ്യമായ സാഹചര്യത്തിൽ ഇന്ന് പിടിച്ചുനിന്ന് കളി സമനിലയാക്കുകയാവും കേരളത്തിൻ്റെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് കളിയും കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു.